ടിക്കറ്റിതര വരുമാനം ഇനിയും കൂട്ടാം

Sunday 03 March 2024 12:50 AM IST

കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനത്തിൽ മൂന്നുവർഷം കൊണ്ട് അഞ്ചിരട്ടി നേട്ടമുണ്ടാക്കിയെന്ന വാർത്ത അതിലെ ജീവനക്കാർക്കു മാത്രമല്ല പൊതുജനങ്ങൾക്കും സന്തോഷം പകരുന്നതാണ്. കോർപ്പറേഷനെ കരകയറ്റാൻ വേണ്ടി മാനേജ്‌മെന്റ് വിദഗ്ദ്ധനായ സുശീൽഖന്ന സമർപ്പിച്ച പരിഷ്കരണ റിപ്പോർട്ടിൽ ടിക്കറ്റ് വരുമാനത്തെ മാത്രം ആശ്രയിക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഈയിടെ സ്ഥാനമൊഴിഞ്ഞ ബിജു പ്രഭാകർ 2021-ൽ പ്രസ്തുത നിർദ്ദേശം നടപ്പാക്കിയത് പ്രത്യേക കൊമേഴ്സ്യൽ വിഭാഗം രൂപീകരിച്ചുകൊണ്ടാണ്. അതിന് നല്ല ഫലമുണ്ടായി എന്നു കാണിക്കുന്നതാണ് ഇക്കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ടിക്കറ്റിതര വരുമാനം മുന്നൂറു കോടിയായി ഉയർത്താൻ കഴിഞ്ഞത്. സ്വകാര്യ ഏജൻസികളെ ഒഴിവാക്കി,​ പരസ്യങ്ങൾ ഉൾപ്പെടെ വരുമാനദായകമായ പലതും കോർപ്പറേഷൻ നേരിട്ടു ചെയ്യാൻ തുടങ്ങിയതാണ് നേട്ടമായത്. ബസുകളിലും ഡിപ്പോകളിലും പതിക്കുന്ന പരസ്യങ്ങളിൽ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ട്. കൊമേഴ്സ്യൽ വിഭാഗം വരുന്നതിനു മുമ്പ് ഇത്തരം വരുമാനത്തിന്റെ നല്ല പങ്കും കരാറുകാർ കമ്മിഷനായി കൊണ്ടുപോവുകയായിരുന്നു.

പ്രായോഗികവും സ്വീകാര്യവുമായ പുതിയ ധനാഗമ മാർഗങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിയാൽ കൊമേഴ്സ്യൽ വിഭാഗത്തിന് ഇനിയും വരുമാനം വർദ്ധിപ്പിക്കാനാകും. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ പോലും സർക്കാരിനു മുന്നിൽ കുമ്പിട്ടുനിൽക്കേണ്ട ഗതികേടിൽ നിന്ന് കോർപ്പറേഷനെ മോചിപ്പിക്കാനും ഇതിലൂടെ സാധിക്കും. പ്രതിദിന ടിക്കറ്റ് വരുമാനത്തിലും ഇപ്പോൾ കാര്യമായ വർദ്ധന ദൃശ്യമാകുന്നുണ്ട്. കട്ടപ്പുറത്തുള്ള നൂറുകണക്കിനു ബസുകൾ അറ്റകുറ്റപ്പണികൾ തീർത്ത് സർവീസിനിറക്കുകയും,​ ഷെഡ്യൂളുകൾ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പുനഃസംഘടിപ്പിക്കുകയും വേണം. ജീവനക്കാരുടെ പൂർണ സഹകരണമുണ്ടെങ്കിലേ ഏതു പരിഷ്കരണ നടപടിയും വിജയിക്കൂ. ജീവനക്കാരുടെ സഹകരണം ലഭിക്കാതിരുന്നതാണ് മുൻപ് പല പരിഷ്കാര നടപടികളും വിജയിക്കാതെ പോയതിനു കാരണം.

വിവിധ ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാൽ ടിക്കറ്റിതര വരുമാനം ഇനിയും വർദ്ധിപ്പിക്കാനാകും. കോർപ്പറേഷനെ കടക്കെണിയിലാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച തിരുവനന്തപുരത്തെ സെൻട്രൽ ബസ് സ്റ്റേഷനിലെ വാണിജ്യ സമുച്ചയം പൂർണതോതിൽ പ്രയോജനപ്പെടുത്താൻ ഇനിയും സാധിച്ചിട്ടില്ല. ഇവിടെ നിന്നു ലഭിക്കുന്ന വാടക വരുമാനം അതിന്റെ നിർമ്മാണത്തിനായെടുത്ത വായ്പയുടെ പലിശയ്ക്കുപോലും തികയുന്നില്ല. രാജ്യത്ത് ഏറ്റവും ഉയർന്ന യാത്രാ ടിക്കറ്റ് നിരക്ക് കേരളത്തിലാണ്. എന്നിട്ടും കോർപ്പറേഷന് സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തത് കാലാകാലങ്ങളിൽ നടപ്പാക്കിയ പ്രയോജനരഹിതമായ പരിഷ്കാരങ്ങൾ കാരണമാണ്.

ഗതാഗതവകുപ്പിൽ മന്ത്രിമാറ്റമുണ്ടായതോടെ പുതിയ പരിഷ്കാരങ്ങൾക്കും നടപടികൾക്കും തുടക്കമായിട്ടുണ്ട്. കോർപ്പറേഷന്റെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള നടപടികൾ അംഗീകരിക്കപ്പെടുകതന്നെ വേണം. അതേസമയം പരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള പരിഷ്കാരങ്ങൾ കോർപ്പറേഷന് ഗുണകരമാകില്ലെന്നും ഓർക്കണം.

കോർപ്പറേഷൻ ഭരണം വികേന്ദ്രീകരിക്കണമെന്നും മദ്ധ്യനിര മാനേജ്‌മെന്റ് ശക്തമാക്കണമെന്നും വിദഗ്ദ്ധ സമിതികൾ പണ്ടുമുതലേ ആവശ്യപ്പെടുന്നതാണ്. സുശീൽഖന്ന റിപ്പോർട്ടിലും ഈ ശുപാർശ ഉണ്ടായിരുന്നു. അതിനു തുടക്കമിട്ടുകൊണ്ട് മദ്ധ്യനിര മാനേജ്‌മെന്റിൽ അടുത്തകാലത്ത് നിയമിതരായവരിൽ എച്ച്.ആർ മാനേജർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ നോട്ടീസ് പോലും നൽകാതെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ പേരിനു പോലും ഒരു എച്ച്.ആർ വിഭാഗമില്ലെന്നത് വലിയ പോരായ്മയാണ്. ഫിനാൻസ് വിഭാഗത്തിലും യോഗ്യരായവരുടെ അഭാവമുണ്ട്. കോർപ്പറേഷന്റെ ഭരണം മെച്ചപ്പെടുത്താനുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വൈകിയാൽ അതിന്റെ കേട് കോർപ്പറേഷന് മൊത്തത്തിലായിരിക്കും.