ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് സൈനിക സാധനങ്ങളുമായി പോയ കപ്പൽ മുംബയിൽ തടഞ്ഞു , ആണവ പദ്ധതിയ്ക്കുള്ള സാധനങ്ങളെന്ന് സംശയം

Saturday 02 March 2024 7:16 PM IST

ന്യൂഡൽഹി : ആണവപദ്ധതിക്കുള്ള ചരക്കുണ്ടെന്ന സംശയത്തെ തുടർന്ന് ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ മുംബയിൽ തടഞ്ഞു. പാകിസ്ഥാന്റെ ആണവ ,​ ബാലിസ്റ്റിക്ക് മിസൈൽ പ്രോഗ്രാമിന് ഉപയോഗിക്കാവുന്ന ചരക്കുകൾ കപ്പലിലുണ്ടെന്ന സംശയത്തെ തുടർന്നാണ് മുംബയിലെ നവാ ഷെവ തുറമുഖത്ത് വച്ച് കപ്പൽ തടഞ്ഞത്. ജനുവരി 23നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മാൾട്ടയുടെ പതാക ഘടിപ്പിച്ച വാണിജ്യ കപ്പൽ- സി.എം.എ സി.ജി.എ ആറ്റില എന്ന കപ്പൽ തടഞ്ഞതെന്നാണ് റിപ്പോ‌ർട്ട്. പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്നു കപ്പൽ. രഹസ്യാന്വേ,​ഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇറ്റാലിയൻ കമ്പനി നിർമ്മിച്ച സി.എൻ.സി മെഷീനായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഡി.ആർ.ഡി.ഒയുടെ സംഘവും കപ്പലിൽ പരിശോധന നടത്തി. പാകിസ്ഥാന് ആണവ പദ്ധതിക്ക് ഉപയോഗിക്കാൻ കഴിയാവുന്നവയാണ് ഇതെന്ന് ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ തായ്വാൻ മൈനിംഗ് ആൻഡ് എക്സ്പോർട്ട് കോ ലിമിറ്റഡാണ് ചരക്ക് കയറ്റി അയച്ചതെന്നും പാകിസ്ഥാന് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കോസ്‌മോസ് എൻജിനീയറിംഗിന് വേണ്ടിയാണ് ചരക്ക് എത്തിച്ചതെന്നും ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. കോസ്മോസ് എൻജിനീയറിംഗ് ഇന്ത്യയുടെ നിരീക്ഷണ പട്ടികയിലുള്ള സ്ഥാപനമാണ്.

ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് കയറ്റിഅയയ്ക്കുന്ന ഇത്തരം ഇരട്ട ഉപയോഗ സൈനിക വസ്തുക്കൾ മുമ്പും ഇന്ത്യൻ തുറമുഖ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.