ഹൃദയമിടിക്കാതെ സ്‌തംഭിച്ചുപോയത് 50 മിനിട്ട്, എന്നിട്ടും 31കാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി, സംഭവം ഇങ്ങനെ

Saturday 02 March 2024 9:18 PM IST

മനുഷ്യരുടെ ജീവൻ അപഹരിക്കുന്നതിൽ പ്രധാനസ്ഥാനം വഹിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഹൃദയസ്‌തംഭനം. ഹൃദയസ്‌തംഭനമുണ്ടായാൽ രണ്ട് മിനിട്ടിനകം തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമം ആരംഭിക്കണം. സമയം വൈകുംതോറും ആരോഗ്യനില തകരാറിലാകാനും ജീവന് വരെ ഭീഷണിയാകാനും സാദ്ധ്യതയേറും. ഇത്തരത്തിൽ ഏറെനേരം ഹൃദയസ്‌തംഭനം സംഭവിച്ചിട്ടും ഒരു യുവാവ് ജീവിതത്തിലേക്ക് തിരികെവന്നതാണ് ഇംഗ്ളണ്ടിലെ സൗത്ത് യോർക്‌ഷെയറിൽ നിന്നും വന്ന വാർത്ത.

31കാരനായ ബെൻ വിൽസണാണ് 50 മിനിട്ടോളം ഹൃദയം മിടിക്കാതെയിരുന്നിട്ടും ആശുപത്രിയിലെത്തിച്ചതോടെ രക്ഷപ്പെട്ടത്. തന്റെ കാമുകി റെബേക്ക ഹോംസിനൊപ്പം വീട്ടിലിരിക്കെയാണ് ബെന്നിന് ഹൃദയസ്‌തംഭനമുണ്ടായത്. ഉടൻ തന്നെ റെബേക്ക സിപിആർ നൽകി. നില മെച്ചപ്പെടുന്നില്ലെന്ന് കണ്ടതോടെ വൈദ്യസഹായം തേടി. നഴ്‌സുമാർ‌ 40 മിനിട്ടിനിടെ 11 തവണ ഷോക്ക് നൽകിയാണ് ബെന്നിന്റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവന്നത്. പിന്നീടും ഹൃദയസ്‌തംഭനമുണ്ടായതോടെ 10 മിനിട്ടിനിടെ ആറ് തവണ കൂടി ഷോക്ക് നൽകി. പിന്നീട് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീടും വിവിധ ആരോഗ്യപ്രശ്‌നമുണ്ടായതോടെ ബെന്നിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകില്ലെന്ന് ഡോക്‌ടർമാർ വിധിച്ചു. എന്നാൽ അഞ്ച് ആഴ്‌ചയോളം കോമാവസ്ഥയിൽ നിന്ന ശേഷം ബെൻ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇപ്പോൾ ആരോഗ്യകരമായ ജീവിതത്തിലേക്ക് ബെൻ തിരിച്ചുവന്നിരിക്കുകയാണ്.