ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി
Sunday 03 March 2024 1:31 AM IST
ന്യൂഡൽഹി:കേന്ദ്രസർക്കാർ ഇടപെട്ടതോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കമ്പനി മാട്രിമോണി ആപ്പുകൾ ഉൾപ്പടെ വിവിധ ആപ്പുകൾ നീക്കം ചെയ്തത്. പ്രശ്നത്തിൽ ഇടപെട്ട കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ആപ്പുകൾ നീക്കം ചെയ്ത ഗൂഗിളിന്റെ നടപടിയെ സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും അതിന് സർക്കാർ അനുവദിക്കില്ലെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സർക്കാർ ഇടപെട്ടതോടെ നൗക്കരി, 99ഏക്കേഴ്സ്,നൗക്കരി ഗൾഫ് ഉൾപ്പടെയുള്ള ഇൻഫോ എഡ്ജിന്റെ ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു. പീപ്പിൾസ് ഗ്രൂപ്പിന്റെ ശാദിയും ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്തി.