മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ: അസം ചീമ മരിച്ചെന്ന് റിപ്പോർട്ട്

Sunday 03 March 2024 1:40 AM IST

കറാച്ചി: മുംബയ് ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ലഷ്‌‌കറെ ത്വയ്ബ ഭീകരൻ അസം ചീമ ( 70 ) മരിച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ഫൈസലാബാദിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 2008 നവംബർ 26ലെ മുംബയ് ഭീകരാക്രമണത്തിലും 2006 ജൂലായ് 11ലെ മുംബയ് ട്രെയിൻ സ്‌ഫോടനത്തിലും പങ്കുള്ള ഇയാൾ ലഷ്‌‌കറിന്റെ ഇന്റലിജൻസ്‌ മേധാവിയായിരുന്നു. ചീമയുടെ സംസ്കാരം ഫൈസലാബാദിലെ മാൽഖാൻവാലയിൽ നടത്തിയെന്നാണ് വിവരം.

മാപ്പ് റീഡിംഗ് വിദഗ്ദ്ധനായ ചീമയ്ക്ക് പഞ്ചാബി ഭാഷ അറിയാമായിരുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഇയാൾ 2000ത്തിന്റെ തുടക്കത്തിൽ കുടുംബത്തോടൊപ്പം പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപ്പൂരിലായിരുന്നു താമസം.

അംഗരക്ഷകരുമായി പാകിസ്ഥാനിലുടനീളം സഞ്ചരിച്ചിരുന്ന ഇയാൾ ഭീകരർക്ക് ബോംബ് നിർമ്മാണം, ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾക്ക് പദ്ധതികൾ രൂപീകരിക്കുകയും ചെയ്തു.

166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് പരിശീലനം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇയാളെ ഭീകരപ്പട്ടികയിൽ പെടുത്തി ഉപരോധം ഏർപ്പെടുത്തിയിരുന്നു.

 ദുരൂഹ മരണങ്ങൾ

മുംബയ് ഭീകരാക്രമണവുമായി ബന്ധമുള്ളത് അടക്കം ലഷ്‌‌കറെ ത്വയ്ബയിലെ ഒരു ഡസനിലേറെ ഇന്ത്യാ വിരുദ്ധ ഭീകരർ കഴിഞ്ഞ വർഷം പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ചീമയുടെ മരണം. ഇയാളുടെ മരണം സംബന്ധിച്ച് പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.

മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്‌‌കർ തലവനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി അദ്നാൻ അഹ്‌മ്മദ്, ആഗോള ഭീകരനും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖ്,​ ലഷ്‌കർ മുൻ കമാൻഡർ അക്രം ഖാൻ,​ 2018ലെ സുൻജവാൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഖ്വാജ ഷാഹിദ്,​ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് തുടങ്ങിയവർ കഴിഞ്ഞ വർഷം പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.