"അപ്പൂപ്പാ,​ ഞങ്ങളുടെ സ്കൂളിലേക്ക് വരണേ..." മന്ത്രിയെ ക്ഷണിച്ച് കുഞ്ഞ് കത്തെഴുത്തുകാർ

Sunday 03 March 2024 12:39 AM IST

നീർക്കുന്നം:വിദ്യാഭ്യാസ മന്ത്രിയെ ക്ഷണിച്ചുകൊണ്ട് നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുരുന്നുകൾ എഴുതിയ കത്ത് ഇപ്പോൾ കുട്ടികൾക്കിടയിൽ വലിയ ചർച്ചയാണ്. ഒന്നാം ക്ലാസ്സിലെ 146 കുട്ടികൾ പോസ്റ്റ് കാർഡിൽ എഴുതിയ കത്ത് വണ്ടാനം പോസ്റ്റോഫീസിൽ നിന്നാണ് പോസ്റ്റുചെയ്തത്. 'ജഗ്ഗു അമ്മയെ കാണുമോ?' എന്ന പാഠഭാഗമാണ് കുട്ടികളെ കത്തെഴുതൽ പ്രേരിപ്പിച്ചത്.

ലോക മാതൃഭാഷാദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ സചിത്രകഥ പതിപ്പ് പ്രകാശനം ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് സ്കൂൾ വിക്കിയിൽ 'കുഞ്ഞെഴുത്തുകൾ' എന്ന പേരിൽ ഒരുപേജുതന്നെ ആരംഭിച്ചു. ഇതിന്റെ സന്തോഷത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കാണാൻ കൂടിയാണ് മന്ത്രിയെ ക്ഷണിച്ചുകൊണ്ട് കുട്ടികൾ കത്തെഴുതിയത്. കത്ത് പോസ്റ്റുചെയ്യാൻ വണ്ടാനം പോസ്റ്റോഫീസിലെത്തിയ കുട്ടികൾക്ക് പോസ്റ്റു മാസ്റ്റർ സുബിൻ കെ. ടോം, പോസ്റ്റൽ അസിസ്റ്റന്റ് എസ്. അനിൽകുമാർ എന്നിവർ ലളിതമായഭാഷയിൽ പ്രവർത്തനങ്ങൾ വിവരിച്ചുകൊടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് എസ്.കുട്ടി, എസ്.എം.സി അംഗങ്ങളായ ആർ.സജിമോൻ, എസ്.സുനീർ, പ്രഥമാദ്ധ്യാപിക എ.നദീറ, അദ്ധ്യാപകരായ സി.ഡിവൈൻ,ആർ.രേഷ്മ, എസ്.സീമ, വി.ആർ.ജിഷമോൾ, എ.ഹസീന, കെ.ആർ.പ്രതീക്ഷ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement