പട്ടിണിയുടെ നടുവിൽ ഗാസയിലെ ജനങ്ങൾ,​ സൈനിക വിമാനങ്ങളിൽ ഭക്ഷണമെത്തിച്ച് യു.എസ്

Sunday 03 March 2024 7:23 AM IST

ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണപ്പൊതികൾ എയർഡ്രോപ്പ് ചെയ്ത് യു.എസ്. മൂന്ന് സി -130 സൈനിക വിമാനങ്ങളിൽ നിന്ന് 38,000 ഭക്ഷണപ്പൊതികളാണ് ഇന്നലെ യു.എസ് വിതരണം ചെയ്തത്. ഭക്ഷണവും അവശ്യവസ്തുക്കളും എയർഡ്രോപ്പ് ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ്‌ ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി.

ഗാസയിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് യു.എസിന്റെ നിർണായക നീക്കം. യു.എസ് ആദ്യമായാണ് ഗാസയിൽ ഇത്തരത്തിൽ സഹായ വിതരണം നടത്തുന്നത്. വരും ദിവസങ്ങളിലും സഹായ വിതരണം തുടരും. നേരത്തെ ജോർദ്ദാനും ഫ്രാൻസും യു.കെയും ഈജിപ്റ്റും ഈ മാർഗ്ഗം സ്വീകരിച്ചിരുന്നു. ജോർദ്ദാന്റെ വ്യോമസേനയുമായി സഹകരിച്ചായിരുന്നു യു.എസ് ദൗത്യം.

ഗാസയുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നി വിതരണമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച ഗാസ സിറ്റിയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത ആയിരക്കണക്കിന് സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 116 പേർ കൊല്ലപ്പെട്ട സംഭവം ഭയപ്പെടുത്തുന്നതാണെന്ന് ബൈഡൻ പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.


ആക്രമാസക്തമായ ജനക്കൂട്ടം സൈന്യത്തിനെതിരെ തിരിഞ്ഞെന്നും മിക്കവരും കൊല്ലപ്പെട്ടത് തിക്കിലും തിരക്കിലും പെട്ടും സഹായ ലോറികൾ ഇടിച്ചുമാണെന്നും ഇസ്രയേൽ വാദിക്കുന്നു. ജനക്കൂട്ടത്തിൽ നിന്ന് ലോറികളെ സുരക്ഷിതമായി കടത്തിവിടാൻ മുന്നറിയിപ്പ് വെടിയുതിർത്തെന്നും സൈന്യം പറയുന്നു.

 കാര്യക്ഷമമല്ല

എയർഡ്രോപ്പുകളിലൂടെ സഹായമെത്തിക്കുന്നത് കാര്യക്ഷമമല്ലാത്ത മാർഗമാണെന്ന് സഹായ ഏജൻസികൾ പറയുന്നു. ഗാസയിലേക്ക് കൂടുതൽ ട്രക്കുകൾ കടത്തിവിടണമെന്നാണ് ഇവരുടെ ആവശ്യം. ഏകദേശം 3,00,000 ജനങ്ങളാണ് ഗാസയിൽ മതിയായ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെ ജീവിക്കുന്നത്. വടക്കൻ ഗാസയിൽ ആറിലൊരു കുട്ടി കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായി യൂണിസെഫ് പറയുന്നു.

യു.എന്നിന്റെ ലോകഭക്ഷ്യ പദ്ധതി വഴി വടക്കൻ ഗാസയ്ക്ക് നൽകിയിരുന്ന ഭക്ഷണ വിതരണം നേരത്തെ താത്കാലികമായി നിറുത്തിവച്ചിരുന്നു. മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു നീക്കം. ഭക്ഷണം വിതരണം ചെയ്യാൻ വടക്കൻ ഗാസയിലേക്ക് സഞ്ചരിക്കുന്ന തങ്ങളുടെ അംഗങ്ങൾ വ്യാപക വെടിവയ്പും മോഷണവും നേരിടുന്നതായും ഇവരുടെ ജീവൻ അപകടത്തിലാകുന്നെന്നും യു.എൻ ഏജൻസി വ്യക്തമാക്കിയിരുന്നു.

അതിനിടെ, തെക്കൻ ഗാസയിലെ റാഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഇതുവരെ 30,300ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 71,500ലേറെ പേർക്ക് പരിക്കേറ്റു.

 

Advertisement
Advertisement