ബൻജീ ജംപിംഗിനിടെ 60കാരിക്ക് ദാരുണാന്ത്യം

Sunday 03 March 2024 7:24 AM IST

സോൾ: ദക്ഷിണ കൊറിയയിൽ ബൻജീ ജംപിംഗിനിടെ 26 അടി താഴ്ചയിലേക്ക് വീണ 60കാരിക്ക് ദാരുണാന്ത്യം. ഗ്യോങ്ങീ പ്രവിശ്യയിലെ ഒരു സ്പോർട്സ് കേന്ദ്രത്തിൽ ഫെബ്രുവരി 26നായിരുന്നു സംഭവം. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബൻജീ ജംപിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് കോൺക്രീറ്റ് തറയിലേക്ക് സ്ത്രീ വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൻജീ ജംപിംഗിൽ ഉപയോഗിച്ചിരുന്ന കയർ വേർപെട്ടതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകട സമയം മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നോ എന്നും അപകടത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്നും വ്യക്തമല്ല. ഇവ ഉടൻ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.

പർവതങ്ങളിൽ നിന്നോ നദികളുടെയോ ജലാശയങ്ങളുടെയോ മുകളിൽ നിന്നോ വളരെ ഉയരത്തിൽ നിന്ന് കാലുകളിൽ പ്രത്യേക ചരട് കെട്ടി തലകീഴായി ചാടുന്നതിനെയാണ് ബൻജീ ജംപിംഗ് എന്നു പറയുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന നിരവധി പേരാണ് ബൻജീ ജംപിംഗ് പരീക്ഷിക്കാനായി മുന്നോട്ടെത്തുന്നത്.

ബൻജീ ജംപിംഗിനിടെ ഇതിന് മുമ്പും ലോകത്ത് അപകടങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ ഒരു ജാപ്പനീസ് സഞ്ചാരി ബൻജീ ജംപിംഗിനിടെ വീണ് മരിച്ചിരുന്നു. 2019ൽ പോളണ്ടിൽ ഒരാൾക്ക് ബൻജീ ജംപിംഗ് അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.

ചിലിയിൽ ചെങ്കുത്തായ പർവതങ്ങൾക്കിടെയിൽ ബൻജീ ജംപിംഗ് നടത്തിയ 23കാരൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ബൻജീ ജംപിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് ചാടിയതിന് പിന്നാലെ യുവാവിന് ശാരീരിക പ്രശ്നങ്ങളുണ്ടാവുകയായിരുന്നു.

Advertisement
Advertisement