മറ്റുപാർട്ടികൾ കാലങ്ങളായി മടിച്ചുനിൽക്കുമ്പോൾ ബി ജെ പി ധൈര്യപൂർവം നടപ്പാക്കി, തെളിവായി ആ 28 പേർ

Sunday 03 March 2024 10:00 AM IST

ന്യൂഡൽഹി: തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കേന്ദ്രസഹ മന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ.തൃശൂർ ദേശമംഗലത്താണ് കുടുംബവേരുകൾ. കേന്ദ്രത്തിൽ ബി.ജെ.പിയുടെ ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കും.

ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, പത്തനംതിട്ടയിൽ ദേശീയ സെക്രട്ടറി അനിൽ ആന്റണി, തൃശൂരിൽ സുരേഷ് ഗോപി, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികൾ. കേരളത്തിലെ 12 സീറ്റുകളിൽ അടക്കം 195 സ്ഥാനാത്ഥികളെ ആദ്യപട്ടികയിൽ ബി.ജെ.പി പ്രഖ്യാപിച്ചു.

അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന പി.സി. ജോർജ്ജ് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ സംസ്ഥാന ഘടകത്തിന്റെ താത്‌പര്യ പ്രകാരമാണ് ദേശീയ സെക്രട്ടറി അനിൽ ആന്റണിയെ നിയോഗിച്ചത്. തിരുവനന്തപുരവും ആറ്റിങ്ങലും കേന്ദ്രമന്ത്രിമാർ മത്സരിക്കുന്ന മണ്ഡലങ്ങളായി. തൃശൂരിൽ ചലച്ചിത്ര താരം സുരേഷ് ഗാേപിയാണ് സ്ഥാനാർത്ഥി. പാലക്കാട്ട് സി. കൃഷ്ണകുമാർ മത്സരിക്കും.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നതിനാൽ എതിരാളിയെ തീരുമാനിച്ചില്ല. കാസർകോട് കർണാടക സ്വദേശിയായ എം.എൽ. അശ്വനിയും കണ്ണൂരിൽ സി. രഘുനാഥും മത്സരിക്കും. പി.കെ. കൃഷ്‌ണദാസിന് ഇടം ലഭിച്ചില്ല. പ്രതീക്ഷിച്ചപോലെ കോഴിക്കോട് എം.ടി. രമേശും വടകരയിൽ പ്രഫുൽ കൃഷ്‌ണയും വന്നു. മുൻ കലിക്കറ്റ് സർവകലാശാലാ വി.സി ഡോ. എം. അബ്‌ദുൾ സലാം മലപ്പുറത്തും മഹിളാ മോർച്ചാ അദ്ധ്യക്ഷ നിവേദിത സുബ്രഹ്‌മണ്യൻ പൊന്നാനിയിലും സ്ഥാനാർത്ഥികൾ.

അമിത് ഷാ ഗാന്ധിനഗറിൽ

കേന്ദ്ര മന്ത്രിമാരായ അമിത് ഷാ (ഗാന്ധിനഗർ-ഗുജറാത്ത്), രാജ്നാഥ് സിംഗ്(ലഖ്‌നൗ-യു.പി), സ്‌മൃതി ഇറാനി(അമേഠി-യു.പി), കിരൺ റിജിജു (അരുണാചൽ പ്രദേശ് വെസ്റ്റ്), അർജുൻ മുണ്ട (ഖുണ്ഡി-ജാർഖണ്ഡ്), ലോക്‌സഭാ സ്‌പീക്കർ ഓം ബിർള (കോട്ട-രാജസ്ഥാൻ) എന്നിവരുടെ മണ്ഡലങ്ങളിലും മാറ്റമില്ല. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ വിദിശയിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യയെ കോൺഗ്രസ് ബാനറിൽ ജയിച്ച മദ്ധ്യപ്രദേശിലെ ഗുണയിൽ സ്ഥാനാർത്ഥിയാക്കി.

28 വനിതകൾ

പട്ടികയിൽ 47 പേർ 50വയസിന് താഴെ പ്രായമുള്ളവരാണ് 28 പേർ വനിതകളാണ്. യുവാക്കൾ: 47, പട്ടികജാതി: 27, പട്ടിവർഗം: 18, ഒ.ബി.സി: 57.

16 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾ

യു.പി (51), പശ്‌ചിമബംഗാൾ (20), മദ്ധ്യപ്രദേശ് (24), ഗുജറാത്ത് (15), രാജസ്ഥാൻ (15), കേരളം (12), തെലങ്കാന (9), അസാം (11), ജാർഖണ്ഡ് (11), ഛത്തീസ്ഗഡ് (11), ഡൽഹി (5), ജമ്മുകാശ്‌മീർ (2), ഉത്തരാഖണ്ഡ് (3), അരുണാചൽ പ്രദേശ് (2), ഗോവ (1), ത്രിപുര (1) ആൻഡമാൻ (1), ദാമൻദിയു (1) എന്നവിടങ്ങളിലെ സ്ഥാനാർത്ഥികളാണ് ആദ്യപട്ടികയിൽ.