കാസർകോട്ടേയ്ക്ക് കണ്ടുവച്ചിരുന്ന പി കെ കൃഷ്ണദാസിനെ വെട്ടാൻ ബി ജെ പി ദേശീയ നേതൃത്വം തയ്യാറായത് ഒറ്റ ലക്ഷ്യം വച്ച്, ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തൽ
കാസർകോട്: സ്ഥാനാർത്ഥിനിർണയത്തിന്റെ അവസാന നിമിഷം വരെ ഉയർന്നുവന്നിരുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഭാരവാഹിയുമായ പി.കെ കൃഷ്ണദാസിനെ തള്ളി പുതുമുഖത്തെ കളത്തിൽ ഇറക്കി കാസർകോട് മണ്ഡലത്തിൽ നില മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ് ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വം. കാസർകോട് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി താഴെത്തട്ടിൽ നിന്നും ബി.ജെ.പി നേതൃത്വം ശേഖരിച്ചത് മൂന്നു പേരുകൾ ആയിരുന്നു. പി.കെ കൃഷ്ണദാസ്, നിലവിലുള്ള ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, എം.എൽ അശ്വിനി എന്നിവർ ആയിരുന്നു പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചത്.
പി.കെ കൃഷ്ണദാസ് തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി ഘടകങ്ങളും മുന്നണിയുടെ കാസർകോട്ട് നേതൃത്വവും ഏറെക്കുറെ ഉറപ്പിച്ചതാണ്. അവസാന നിമിഷം എന്താണ് സംഭവിച്ചത് എന്ന് നേതാക്കൾക്കും നിശ്ചയമില്ല. ബിജെപി ദേശീയ നേതാവും തീപ്പൊരി പ്രാസംഗികയുമായ ശോഭാ സുരേന്ദ്രനെ കാസർകോട്ട് മത്സരിപ്പിക്കണമെന്ന് പാർട്ടിയുടെ കാസർകോട്, മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ നിരവധി പാർട്ടി ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം തള്ളിക്കൊണ്ടാണ് ബി.ജെ.പി നേതൃത്വം ചെറുപ്പക്കാരിയും നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പുതുമുഖവുമായ അശ്വിനിയെ കളത്തിലിറക്കാൻ തീരുമാനിച്ചത്. ദേശീയതലത്തിൽ മഹിളാമോർച്ചയുടെ ശക്തമായ പ്രവർത്തകയാണ് അശ്വിനി. ബി.ജെ.പിയുടെയും എൻ.ഡി.എ ഘടകകക്ഷികളുടെയും യുവനിരക്ക് കൂടുതൽ സ്വീകാര്യയാകും ഇവർ.
യുവമോർച്ച പ്രവർത്തകരും മഹിളാമോർച്ച പ്രവർത്തകരും അശ്വിനിക്ക് വേണ്ടി ആവേശത്തോടെ രംഗത്തിറങ്ങും എന്നാണ് പാർട്ടി നേതൃത്വവും കണക്കുകൂട്ടുന്നത്. മുതിർന്ന നേതാക്കളെ മുഴുവൻ തഴഞ്ഞുകൊണ്ടുള്ള ഈ നീക്കം എൻ.ഡി.എ മുന്നണിക്ക് ഗുണം ചെയ്തേക്കാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന് 1,76,049 വോട്ടാണ് കിട്ടിയത്. യു.ഡി.എഫ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ 4,74,961 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടും നേടിയിരുന്നു.