ഇന്ത്യയിലെ ആ വലിയ ട്രെയിൻ അപകടത്തിന് കാരണം ലോക്കോ പൈലറ്റ് ഫോണിൽ ക്രിക്കറ്റ് കണ്ടത്; പുതിയ സംവിധാനം വരുന്നെന്ന് മന്ത്രി
ന്യൂഡൽഹി: 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ കഴിഞ്ഞ ഒക്‌ടോബർ 29നാണ് അപകടമുണ്ടായത്. രായഗാഡ പാസഞ്ചർ ട്രെയിൻ വിശാഖപട്ടണം പലാസ ട്രെയിനിന് പുറകിലായി ചെന്നിടിക്കുകയായിരുന്നു. വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ 50ലധികം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഇന്ത്യൻ റെയിൽവേ മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രി ആന്ധ്രാ ട്രെയിൻ അപകടത്തെക്കുറിച്ച് പരാമർശിച്ചത്. 'ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റും കോ പൈലറ്റും ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നതാണ് ആന്ധ്രയിലെ അപകടത്തിന് കാരണമായത്. ഇത്തരത്തിലെ ശ്രദ്ധയില്ലായ്മ നിരീക്ഷിക്കാൻ പുതിയ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മന്ത്രാലയം. ട്രെയിൻ ഓടിക്കുന്നതിൽ പൈലറ്റും അസിസ്റ്റന്റ് പൈലറ്റും പൂർണമായും ശ്രദ്ധനൽകുകയാണെന്ന് ഉറപ്പാക്കാനാണിത്'- മന്ത്രി വ്യക്തമാക്കി.
അതേസമയം, ആന്ധ്രാ ട്രെയിൻ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. രായഗാഡ പാസഞ്ചർ ട്രെയിനിലെ ജീവനക്കാരാണ് അപകടത്തിന് കാരണക്കാരായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു.