'മീശ മാധവൻ' എത്തിയപ്പോൾ കർഷകന് പോയത് മൂന്ന് ക്വിന്റൽ പടവലം, മോഷണം ഇരുട്ടിന്റെ മറപറ്റി

Sunday 03 March 2024 4:41 PM IST

ചെന്നിത്തല : നാലു മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ പരിപാലിച്ച് വിളവെടുക്കാറായ മൂന്ന് ക്വിന്റൽ പടവലം മോഷ്ടാക്കൾ കവർന്നതിന്റെ വേദനയിലാണ് ചെന്നിത്തല സൗത്ത് 18-ാംവാർഡിൽ പുത്തൻ തറയിൽ രഘുനാഥൻ എന്ന കർഷകൻ.

വെള്ളിയാഴ്ച പുലർച്ചെ 5.30ന് ചെന്നിത്തല കരിക്കുഴി പുളിമൂട്ടിൽ കലുങ്ക് ഭാഗത്തെ കൃഷിയിടത്തിൽ വിളവെടുപ്പിനായി രഘുനാഥൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കഴിഞ്ഞ 30വർഷമായി കൃഷി ഉപജീവനമാർഗമാക്കിയ രഘുനാഥൻ ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തി വരുന്നത്. കാരിക്കുഴി പുളിമൂട്ടിൽ കലുങ്ക് ഭാഗത്ത് പുളിമൂട്ടിൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ വസ്തു പാട്ടത്തിന് എടുത്താണ് 26,000 ത്തോളം രൂപ മുതൽ മുടക്കി പടവലം കൃഷി ഇറക്കിയത്.

ചെന്നിത്തലയിൽ തന്നെ മറ്റ് രണ്ടിടങ്ങളിലായി വെള്ളരി, പയർ എന്നിവയും, രണ്ടര ഏക്കറിൽ നെല്ലും, മാന്നാർ സ്റ്റോർ ജംഗ്ഷന് കിഴക്കായി വാഴ, കപ്പ, വെട്ട് ചേമ്പ്, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മികച്ച സമ്മിശ്ര കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള രഘുനാഥന്റെയും ഭാര്യ ഷീജാകുമാരിയുടെയും കഴിഞ്ഞ നാലുമാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. ചോദിക്കുന്നവർക്കെല്ലാം ആവശ്യത്തിന് പച്ചക്കറികൾ സൗജന്യമായി നൽകാറുള്ള തന്നോട് എന്തിനീ ചതി ചെയ്‌തെന്നാണ് കണ്ണീരോടെ രഘുനാഥൻ ചോദിക്കുന്നത്. പടവലങ്ങ മുറിച്ചെടുക്കാതെ വലിച്ച് പൊട്ടിച്ച് കൊണ്ടുപോയതിനാൽ ചെടിയുടെ വേരുകൾ പിഴുത നിലയിലാണ്. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.