സിദ്ധാർത്ഥിന്റെ മരണം, വെറ്ററിനറി സർവകലാശാല ഹോസ്റ്റലിൽ മുഖ്യപ്രതിയുമായി തെളിവെടുപ്പ്

Sunday 03 March 2024 7:01 PM IST

വയനാട് : രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിൽ മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി സിൻജോ ജോൺസണുമായി ഹോസ്റ്റലിലെ 21ാം നമ്പർ മുറിയിലും നടുമുറ്റത്തും പൊലീസ് തെളിവെടുപ്പ് നടന്നു. കല്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിൽ എത്തിയത്.

മർദ്ദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിദ്ധ്യത്തിൽ കണ്ടെടുത്തു. സിദ്ധാർത്ഥിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹോസ്റ്റലിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതായാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

പ്രശ്നങ്ങൾ ഹോസ്റ്റലിൽ തീർക്കുന്ന പതിവായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർ‌പ്പാക്കാനെന്ന് പറഞ്ഞാണ് എറണാകുളത്ത് എത്തിയ സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാൽ പോലീസ് കേസാകുമെന്ന് സിദ്ധാർത്ഥിനെ ഭീഷണിപ്പെടുത്തി. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മർദ്ദിച്ചത്. രാവിലെ മുതൽ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വച്ചു.

രാത്രി കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചു. ഹോസ്റ്റലിലെ നടുമുറ്റത്തു വച്ചും മർദ്ദനം നടന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചു. കേബിൾ വയർ,​ ബെൽറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു മർദ്ദനം. പുലർച്ചെ രണ്ട് മണിവരെ പരസ്യവിചാരണ നടത്തി അപമാനിച്ചുവെന്നും പ്രതികളുടെ പ്രവൃത്തി മരണത്തിന് പ്രേരിപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
Advertisement