ജോലിയില്ലാത്ത യുവാക്കള്‍ കൂടുതല്‍ ഇന്ത്യയിലോ അതോ പാകിസ്ഥാനിലോ?
ന്യൂഡല്‍ഹി: ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും പ്രധാനമായും അഭിമുഖികരിക്കേണ്ടിവരുന്ന പ്രശ്‌നം യുവാക്കള്‍ നേരിടുന്ന വെല്ലുവിളികളാണ്. ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ച് ജനസംഖ്യ കൂടി പരിഗണിക്കുമ്പോള്‍ അത് വലിയൊരു വെല്ലുവിളിയാണ്. യുവാക്കളെ സംബന്ധിച്ച് തൊഴിലില്ലായ്മയാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുക.
അയല്‍രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തെ അവസ്ഥ പുരോഗതിയിലെന്നപോലെ തന്നെ പിന്നോക്കം നില്‍ക്കുന്ന കാര്യങ്ങളിലും ചര്‍ച്ചയാകുക സ്വാഭാവികമാണ്. അത്തരം താരതമ്യം കൂടുതലും പാകിസ്ഥാനുമായാണ് ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കിനെ കുറിച്ച് ആരോപണം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് അയല്‍രാജ്യമായ പാകിസ്ഥാനെക്കാള്‍ ഇരട്ടിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ഇന്ത്യയില്‍ പാകിസ്ഥാനെ അപേക്ഷിച്ച് തൊഴിലില്ലായ്മ ഇരട്ടിയാണ്. ഇവിടെ 23 ശതമാനവും അവിടെ 12 ശതമാനവുമാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരന്‍ മറ്റാരുമല്ല അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുല്‍ ആരോപിക്കുന്നു.
രാജ്യത്ത് തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം ബംഗ്ലാദേശിലും ഭൂട്ടാനിലും ഉള്ളതിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധിച്ചും ജിഎസ്ടി നടപ്പാക്കിയും നരേന്ദ്രമോദി ചെറുകിട വ്യവസായങ്ങള്‍ അവസാനിപ്പിച്ചുവെന്നും അന്നുമുതല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ ഭയാനകമായ രീതിയില്‍ വ്യാപിച്ചെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.