കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ചൊവ്വാഴ്ച അറിയാം, ചില മണ്ഡലങ്ങളില്‍ മാറ്റത്തിന് സാദ്ധ്യത

Sunday 03 March 2024 8:32 PM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകും. എഐസിസിയുമായി ചര്‍ച്ച നടക്കുന്നത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടായേക്കും.

16 സീറ്റുകളിലാണ് കോണ്‍ഗ്രസ് കേരളത്തില്‍ മത്സരിക്കുന്നത്. നിലവില്‍ 15 സിറ്റിംഗ് എംപിമാരുള്ള കേരളത്തില്‍ കണ്ണൂര്‍, വയനാട് മണ്ഡലങ്ങളില്‍ ഒഴികെ സിറ്റിംഗ് എംപിമാര്‍ തന്നെ രംഗത്തിറങ്ങിയേക്കും. എംപിമാരുടെ പ്രകടനത്തില്‍ പാര്‍ട്ടിക്ക് അതൃപ്തിയുള്ള ചില മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്.

കെ. സുധാകരനാണ് കണ്ണൂരില്‍ സിറ്റിംഗ് എംപി. നേരത്തെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് നിലപാട് മാറ്റിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് നിലവില്‍ സുധാകരന്റെ നിലപാട്. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനാണ് വയനാട്ടിലേക്ക് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. കണ്ണൂരില്‍ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ ജയസാദ്ധ്യത കുറവാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിമാര്‍

തിരുവനന്തപുരം - ശശി തരൂര്‍ ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ് മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് പത്തനംതിട്ട - ആന്റോ ആന്റണി ഇടുക്കി- ഡീന്‍ കുര്യാക്കോസ് എറണാകുളം - ഹൈബി ഈഡന്‍ ചാലക്കുടി - ബെന്നി ബെഹനാന്‍ തൃശൂര്‍ - ടി.എന്‍ പ്രതാപന്‍ ആലത്തൂര്‍ - രമ്യ ഹരിദാസ് പാലക്കാട് - വി.കെ ശ്രീകണ്ഠന്‍ കോഴിക്കോട് - എം.കെ രാഘവന്‍ വടകര- കെ മുരളീധരന്‍ കണ്ണൂര്‍- കെ സുധാകരന്‍ വയനാട് - രാഹുല്‍ ഗാന്ധി കാസര്‍ഗോട് - രാജ്‌മോഹന്‍ ഉണ്ണിത്താന്‍