ഐപിഎല്‍ ലേലത്തില്‍ പൊന്നുംവില കിട്ടിയ താരത്തിന് ബൈക്ക് അപകടം, യുവതാരം നിരീക്ഷണത്തില്‍

Sunday 03 March 2024 8:57 PM IST

റാഞ്ചി: ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ മുടക്കി ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ യുവതാരത്തിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. 3.60 കോടി രൂപ മുടക്കി ഗുജറാത്ത് സ്വന്തമാക്കിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള റോബിന്‍ മിന്‍സിനാണ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്. 21കാരനായ മിന്‍സ് പവര്‍ ഹിറ്റിങ്ങിന് പേരുകേട്ട താരമാണ്.

കാവസാക്കിയുടെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതിനിടെ താരത്തിന്റെ നിയന്ത്രണം നഷ്ടമായി മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്ന് പിതാവ് ഫ്രാന്‍സിസ് മിന്‍സ് വ്യക്തമാക്കി. നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും റോബിന്‍ നിരീക്ഷണത്തിലാണെന്നും പിതാവ് പറഞ്ഞു.

ഈ സീസണില്‍ ഗുജറാത്തിനായി അരങ്ങേറാന്‍ സാദ്ധ്യതയുള്ള താരമാണ് മിന്‍സ്. എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ് റോബിന്‍ മിന്‍സ്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം റാഞ്ചി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലാണ് റോബിന്റെ പിതാവ് ജോലി ചെയ്യുന്നത്.

രഞ്ജി ട്രോഫിയില്‍ ഇനിയും ജാര്‍ഖണ്ഡിനായി അരങ്ങേറിയിട്ടില്ലെങ്കിലും സംസ്ഥാന ടീമിന്റെ അണ്ടര്‍ 19, 25 വിഭാഗങ്ങള്‍ക്കായി കളിച്ചിട്ടുണ്ട്.