യുവാവിനെ ആക്രമിച്ച പ്രതികൾക്ക് തടവും പിഴയും

Monday 04 March 2024 2:00 AM IST

എഴുകോൺ : പട്ടികജാതിക്കാരനായ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പട്ടികജാതി പട്ടികവർഗ് പ്രത്യേക കോടതി ശിക്ഷിച്ചു. ചവറ പുതിയകാവ് ക്ഷേത്രത്തിന് സമീപം സനൽ ഭവനിൽ വിജയകുമാർ ( അനി -59), സനൽ ഭവനിൽ സനൽ (ബേബി- 34), ചവറ പുത്തൻകോവിൽ ക്ഷേത്രത്തിന് കിഴക്ക് വശം ശശി ഭവനം വീട്ടിൽ ശശികുമാർ ( കുട്ടൻ - 49) എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ മൂന്നുവർഷവും മൂന്നു മാസവും തടവും 31500 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2019ൽ യുവാവിന്റെയും പ്രതികളുടെയും സുഹൃത്തിന്റെ മകന്റെ പിറന്നാൾ പാർട്ടിയിൽ വച്ചുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ചവറ പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു മുറിവേൽപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പിഴ തുക ആവലാതിക്കാരന് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും അധിക തടവ് അനുഭവിക്കണം. ചവറ സബ് ഇൻസ്പെക്ടർ എസ്.സുകേഷ്.രജിസ്റ്റർ ചെയ്ത കേസ് കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എസ്.വിദ്യാധരൻ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.എസ്.സന്തോഷ് കുമാർ ഹാജരായി.