അംഗൻവാടികളിലെ നിയമനം ചട്ടം ലഘിച്ചെന്ന് ആക്ഷേപം, ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർ മുമ്പാകെ പ്രതിഷേധം

Monday 04 March 2024 12:23 AM IST

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ അംഗൻവാടികളിലെ ഹെൽപ്പർ, വർക്കർ തസ്തികകളിലേയ്ക്ക് നിയമനം നടത്തിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് ആക്ഷേപം. അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ വ്യാപക ക്രമക്കേട് നടന്നതായി യു.ഡി.ഫിലെ പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. 300 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ഇന്റർവ്യൂ ബോർഡിൽ സി.പി.എം നേതാക്കളെ കുത്തിനിറച്ചെന്നും ആരോപണമുണ്ട്. ഇതിനെതിരെ യു.ഡി.എഫിന്റെ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും പഞ്ചായത്ത് സെക്രട്ടറിയും ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറും ജില്ലാ പ്രൊജക്ട് ഓഫീസറും മറ്റ് അഞ്ച് പൊതുപ്രവർത്തകരുമാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകേണ്ടത്. എന്നാൽ അഞ്ച് പൊതുപ്രവർത്തകർ സി.പി.എമ്മിന്റെ നേതാക്കളെ മാത്രമാക്കുകയായിരുന്നുവത്രേ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരക്കുപിടിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയ നിയമനം നടത്തിയെന്ന് യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ ആരോപിച്ചു. മാർച്ച് രണ്ടിന് മാർച്ച് ഒന്നിന് അപ്രൂവൽ കൊടുക്കുകയും മാർച്ച് രണ്ടിന് തിരക്കുപിടിച്ച് നിയമനം നടത്തുകയുമായിരുന്നു. നിയമനം നടത്തുന്നതിന് മുമ്പ് റാങ്ക് ലിസ്റ്റിന്റെ പകർപ്പ് ഉദ്യോഗാർത്ഥികൾക്ക് അയച്ചുകൊടുക്കുകയോ പ്രസിദ്ധീകരിക്കുകയോ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പോലും പ്രദർശിപ്പിക്കുകയോ ചെയ്തില്ല. ഇതിനെതിരെ ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർ മുമ്പാകെ പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ പ്രതഷേധിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷംസു വെളുത്തേരി, ബഷീർ മയ്യക്കാരൻ, കെ. കൃഷ്ണകുമാർ, സദക്കത്തുള്ള, മഞ്ജു ജോർജ്, നസീമ നാസർ, ബിജു പോൾ എന്നിവർ നേതൃത്വം നൽകി .

പാവപ്പെട്ട തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി മാതൃകാ നടപടികൾ സ്വീകരിക്കണം. രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ചെടുത്ത റാങ്ക് ലിസ്റ്റ് റദ്ദാക്കണം. - സാബു കണ്ടെത്തിൽ. (പൊതുപ്രവർത്തകൻ)