ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്വീപ് വി.ഐ.പി ടാഗ്‌ലൈൻ വീഡിയോ പ്രകാശനം ചെയ്തു

Monday 04 March 2024 8:23 PM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രചാരണാർത്ഥം തയ്യാറാക്കിയ വീഡിയോ പ്രകാശനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി നിർവഹിച്ചു. 'വോട്ട് ഈസ് പവർ ആൻഡ് വോട്ടർ ഈസ് പവർഫുൾ', 'വോട്ട് ചെയ്യൂ വി.ഐ.പി ആകൂ' എന്ന ആശയമാണ് വി.ഐ.പി മുന്നോട്ടുവയ്ക്കുന്നത്.

പൊതുജനങ്ങളെ സമ്മതിദാനവകാശം വിനിയോഗിക്കാൻ മുന്നോട്ട് എത്തിക്കുകയാണ് വി.ഐ.പി കാമ്പയിന്റെ ലക്ഷ്യം. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് കിലയിൽ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കളക്ടർ വി.ആർ. കൃഷ്ണതേജ അദ്ധ്യക്ഷനായി. മാർച്ച് നാല് മുതൽ എട്ട് വരെ നടക്കുന്ന പരിശീലനത്തിൽ 32 പേരാണ് പങ്കെടുക്കുന്നത്. ഐ.ഐ.ഐ.ഡി.ഇ.എം നാഷണൽ ലെവൽ മാസ്റ്റർ ട്രെയിനർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, കേരള അഡീഷണൽ സി.ഇ.ഒമാരായ പ്രേംകുമാർ, അദില അബ്ദുള്ള, അഡീഷണൽ സി.ഇ.ഒ ട്രെയിനി സി. ശർമിള, അസി. കളക്ടർ കാർത്തിക് പാണിഗ്രഹി, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് എം. ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

വി.ഐ.പി കാമ്പയിൻ

വോട്ട് ചെയ്യാൻ അധികാരമുള്ള ഓരോ പൗരനുമാണ് യഥാർഥത്തിൽ വി.ഐ.പിയെന്നും ജനാധിപത്യ പ്രക്രിയയിൽ ഓരോ സമ്മതിദായകരും വഹിക്കുന്ന കർത്തവ്യം എത്രത്തോളമാണെന്ന ആശയമാണ് വി.ഐ.പി കാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ 18 വയസ് തികഞ്ഞവർ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവർ വി.ഐ.പികളാകുന്ന സന്ദേശമാണ് ജില്ലയിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുഖമുദ്ര.

സമ്മതിദാന അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വി.ഐ.പി ടാഗ് ലൈൻ സംസ്ഥാന വ്യാപകമായി അവതരിപ്പിക്കുന്നതിന് പരിഗണനയിലാണ്.

- സഞ്ജയ് കൗൾ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Advertisement
Advertisement