ഭക്ഷണത്തിന് ശേഷം മൗത്ത് ഫ്രഷ്‌നർ കഴിച്ചു; പിന്നാലെ രക്തം ഛർദിച്ച് അഞ്ച് പേർ, നില ഗുരുതരം

Monday 04 March 2024 9:32 PM IST

ന്യൂഡൽഹി: ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ കഴിച്ച അഞ്ച് പേർ രക്തം ഛർദിച്ചെന്ന് റിപ്പോർട്ട്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സംഭവത്തിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നിലഗുരുതരമാണ്.

ഗുരുഗ്രാമിലെ സെക്ടർ 90ലെ ലാഫോറെസ്റ്റ് കഫേയിൽ എത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്. മൗത്ത് ഫ്രഷ്‌നർ കഴിച്ചതിന് പിന്നാലെ ഇവർ എരിയുന്നുവെന്ന് പറയുകയും കരയുകയും ചെയ്തു. പിന്നാലെ ഒരു സുഹൃത്ത് രക്തം ഛർദിക്കുകയായിരുന്നു. സുഹൃത്തുകളിൽ ഒരാൾ ഐസ് വായിൽ ഇടുകയും ചെയ്യുന്നുണ്ട്. എന്നാൽ വേദന മാറിയില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാർച്ച് രണ്ടിനാണ് സംഭവം നടന്നത്.

റസ്റ്റോറന്റിൽ ഉള്ളവർ ഇതിൽ എന്താണ് കലർത്തിയതെന്ന് അറിയില്ലെന്നാണ് ഇരകൾ പറയുന്നത്. വായയുടെ ഉള്ളിൽ എരിഞ്ഞതിന് പിന്നാലെ വെള്ളം ഉപയോഗിച്ച് കഴുകിയെങ്കിലും ഫലം ഉണ്ടായില്ല. പരാതിയിൽ റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൗത്ത് ഫ്രഷ്നറിൽ മരണത്തിന് തന്നെ കാരണമാകുന്ന ഒരു തരം ആസിഡ് അടങ്ങിയിട്ടുണ്ടെന്നാണ് രോഗികളെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്.