കടുവ സങ്കേതത്തില്‍ നാടന്‍ ബോംബ് വിഴുങ്ങിയത് പശു, പിന്നീട് സംഭവിച്ചത്

Monday 04 March 2024 10:19 PM IST


ചെന്നൈ: കടുവ സങ്കേതത്തില്‍ നാടന്‍ ബോംബ് വിഴുങ്ങിയ പശു ചത്തു. തമിഴ്നാട്ടിലെ തലവടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സത്യമംഗലം കടുവ സങ്കേതത്തിലെ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സൂസയ്യപുരം സ്വദേശികളായ ലൂര്‍ത്തുരാജ്(45), രംഗസ്വാമി(37) എന്നിവരാണു സംഭവത്തില്‍ അറസ്റ്റിലായത്. പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സത്യമംഗലം കടുവ സങ്കേതത്തിന്റെ പരിധിയിലുള്ള വന പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം മേയാന്‍ വിട്ടതായിരുന്നു തായപ്പ എന്നയാളുടെ പശുവിനെ. ഇതിനിടെയാണ് പുല്ലിനിടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന നാടന്‍ ബോംബ് വിഴുങ്ങിയത്. പിന്നാലെ ബോംബ് പൊട്ടിത്തെറിച്ച് മുഖത്തും വായിലും ഗുരുതരമായി പരിക്കേറ്റു.

പശുവിനെ സമീപത്തെ വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചത്തു പോയി.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരെ ചോദ്യംചെയ്തപ്പോഴാണ് ചെറിയ വന്യമൃഗങ്ങളെ വേട്ടയാടാനായി നാടന്‍ ബോംബ് പുല്ലിനിടയില്‍ ഒളിപ്പിച്ചുവച്ചതായിരുന്നുവെന്ന് വ്യക്തമായത്.

Advertisement
Advertisement