കുടിവെള്ളപൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ സ്കൂട്ടർ യാത്രികൻ ഐ.സി.യുവിൽ വാട്ടർ അതോറിറ്റി സ്പോൺസേർഡ് ദുരന്തം

Monday 04 March 2024 10:23 PM IST

പയ്യന്നൂർ: മകളെ ട്രെയിൻ കയറ്റിവിടാൻ പോകുന്നതിനിടെ ജലവിതരണപൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ 63കാരൻ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ ഐ.സി.യുവിൽ. കാങ്കോൽ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ് ഇരുകാലുകൾക്കും മുഖത്തും തലയ്ക്കും പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച കുടുംബം നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്.

ഇന്നലെ പുലർച്ചെ 3.40 ഓടെയാണ് ടൗണിൽ കോഓപ്പറേറ്റീവ് സ്റ്റോറിന് മുൻ വശം പ്രധാന റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്ന് രൂപപ്പെട്ട വലിയ കുഴിയിൽ വീണ് ശശീന്ദ്രനും മകൾക്കും പരിക്കേറ്റത്.മകൾ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് ഇവിടെ പൈപ്പ് പൊട്ടി വെള്ളം ശക്തിയായി പുറത്തേക്ക് കുത്തി ഒലിച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ടൗണിലെ പ്രധാന റോഡിൽ മുഴുവൻ വെള്ളം പൊങ്ങിയതിനെ തുടർന്ന് വാഹനങ്ങളും കാൽനടയാത്രക്കാരും ഇതുവഴി ഏറെ പ്രയാസപ്പെട്ടാണ് കടന്ന് പോയത്.അപകടം സംഭവിച്ച ഇവിടെ രാത്രികാലത്ത് ശ്രദ്ധയിൽപെടാത്ത തരത്തിൽ ഒരു വെള്ള സിഗ്നൽ ബോർഡ് വച്ച് വാട്ടർ അതോറിറ്റി ഉത്തരവാദിത്തം തീർക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.

ഞായറാഴ്ച കാപ്പാട്ട് കഴകം പെരുങ്കളിയാട്ട സമാപനമായതിനാൽ അഭൂതപൂർവ്വമായ ജനത്തിരക്കാണ് പയ്യന്നൂരിൽ അനുഭവപ്പെട്ടത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി പൈപ്പ് പൂട്ടി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞെങ്കിലും അപ്പോഴേക്കും റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിരുന്നു.നിരവധി യാത്രക്കാരാണ് ഈ കുഴിയിൽ വീഴാതെ തലനാരിഴക്ക് രക്ഷപെട്ടത്. റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും കുഴി പെട്ടെന്ന് ശ്രദ്ധയിൽപെടുന്നതിന് തടസമായി.

Advertisement
Advertisement