വണ്ടർഫുൾ ബോയ്സ്;അതിവേഗം നൂറുകോടി ക്ളബിലെത്തി മഞ്ഞുമ്മൽ ബോയ്‌സ്, സന്തോഷവാർത്ത പങ്കുവച്ച് സൗബിൻ

Tuesday 05 March 2024 7:17 PM IST

ട്രേഡ് അനലിസ്റ്റുകളുടെ ആ പ്രവചനം അവർ പറഞ്ഞ സമയത്തിന് മുൻപുതന്നെ സത്യമായി. ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്‌സ് നൂറുകോടി ക്ളബിലെത്തി. മലയാളത്തിൽ നിന്നും നൂറുകോടി തികയ്‌ക്കുന്ന നാലാമത് ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ്. ചിത്രത്തിലെ കുട്ടേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിർമ്മാതാവ് കൂടിയായ നടൻ സൗബിൻ ഷഹീറാണ് ഈ വിവരം ഔദ്യോഗികമായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അതിവേഗം 12 ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്‌സ് 100 കോടി ക്ളബിലെത്തിയത്. പുലിമുരുഗൻ, ലൂസിഫർ,2018 എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനുമുൻപ് ആഗോളതലത്തിൽ 100 കോടി നേടിയത്.

മഞ്ഞുമ്മൽ ബോയ്‌സിനൊപ്പം തീയേറ്ററുകളിലുള്ള ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത പ്രേമലുവും നൂറുകോടിയിലേക്ക് കുതിക്കുകയാണ്. തമിഴ്‌നാട്ടിലും മഞ്ഞുമ്മൽ ബോയ്‌സ് മികച്ച പ്രതികരണമാണുണ്ടാക്കിയത്. പ്രശസ്‌തമായ ഗുണ കേവും തമിഴ് പശ്ചാത്തലവും സിനിമയിൽ എത്തിയതിനാൽ തമിഴ് പ്രേക്ഷകരെയും ഇഷ്ടപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞു. ഞായറാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്ന് ചിത്രം വാരിക്കൂട്ടിയത് 4.82 കോടി രൂപയാണ്.