ജി. വി പ്രകാശ് ചിത്രം ചെന്നൈയിൽ ശ്രീനാഥ് ഭാസി തമിഴിൽ

Wednesday 06 March 2024 12:49 AM IST

ശ്രീനാഥ് ഭാസി തമിഴിൽ അരങ്ങേറ്റം കുറിച്ചു. ജി.വി. പ്രകാശ് നായകനാവുന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്. നവാഗതനായ അകിരാൻ മോസസ് ആണ് സംവിധാനം. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ജോയിൻ ചെയ്തു. പാ രഞ്ജിത്തിന്റെ നീല പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവാനി രാജശേഖർ ആണ് നായിക. പശുപതി, ലിങ്കേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ശക്തമായ കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് 100 കോടി ക്ളബിലേക്ക് അടുക്കുമ്പോഴാണ്

ശ്രീനാഥ് ഭാസി തമിഴിൽ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് തമിഴിലും മികച്ച വിജയമാണ് നേടുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് ടീം കഴിഞ്ഞ ദിവസം കമൽഹാസൻ, വിക്രം, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരെ കാണുകയും അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.നവാഗതനായ സലാം ബുഖരി സംവിധാനം ചെയ്യുന്ന ഉടുമ്പൻചോല വിഷൻ ആണ് ചിത്രീകരണം പുരോഗമിക്കുന്ന ശ്രീനാഥ് ഭാസി ചിത്രം. മാത്യു തോമസ്, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതയായ ആരതി ഗായത്രിദേവി രചനയും സംവിധാനവും നിർവഹിക്കുന്ന തേരി മേരി ആണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ശ്രീനാഥ് ഭാസി ചിത്രം. ഷൈൻ ടോം ചാക്കോ, ഹണി റോസ്, അന്ന രേഷ്‌മ രാജൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം വർക്കലയിൽ ആരംഭിക്കും.

Advertisement
Advertisement