സമയക്രമം മാറ്റിയിട്ടും റേഷൻ വിതരണം മുടങ്ങി

Wednesday 06 March 2024 12:33 AM IST

കോട്ടയം : സമയക്രമയം മാറ്റിയിട്ടും സെർവർ തകരാർ മൂലം റേഷൻ വിതരണം മുടങ്ങി. മഞ്ഞ പിങ്ക് കാർഡുകളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ദിവസങ്ങളായി വിതരണം മന്ദഗതിയിലായിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ പ്രത്യേക സമയക്രമം നിശ്ചയിച്ചത്. ബി.പി.എൽ കാർഡ് മസ്റ്ററിംഗ് തുടങ്ങിയതോടെ മസ്റ്ററിംഗ് നടത്തുന്നതിനും റേഷൻ വാങ്ങുന്നതിനും ഉപഭോക്താക്കൾ ഒന്നിച്ചെത്തിയതാണു സെർവർ പണിമുടക്കാൻ കാരണം. കഴിഞ്ഞദിവസങ്ങളിൽ ഒ.ടി.പി സംവിധാനം വഴി റേഷൻ വിതരണം നടത്താൻ പറ്റിയിരുന്നെങ്കിലും പിന്നീട് അതും പ്രവർത്തനരഹിതമായി. മിക്ക കടകളുടെമുന്നിലും നീണ്ട ക്യൂവായിരുന്നു. പലരും മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമരസമിതി നാളെ ജില്ലയിലെ റേഷൻ കടകൾ അടച്ചിട്ട് കളക്ടറേറ്റ് ധർണ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ധർണ വിജയിപ്പിക്കുന്നതിനായി ജില്ലാ ചെയർമാൻ ബാബു ചെറിയാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സേവ്യർ ജെയിംസ്, കെ കെ ശിശുപാലൻ, വി ജോസഫ്, ജെയിംസ് വാഴക്കാല, കെ കെ ഗിരീഷ്, കെ എസ് സന്തോഷ്‌കുമാർ, ജിമ്മി തോമസ്, ലിയാഖത് ഉസ്മാൻ, സാബു ബി നായർ, ജോർജുകുട്ടി വൈക്കം, ആർ രമേശ് കുമാർ, ബെന്നി പാല തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement