മോഷണം പതിവ് ചെടിക്കളളന്മാർ വിലസുന്നു

Wednesday 06 March 2024 3:41 AM IST

കോഴിക്കോട്: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളിൽ സ്ഥാപിച്ച ചെടിച്ചട്ടികളെ വെറുതെ വിടാതെ കള്ളന്മാർ. എരഞ്ഞിപ്പാലം ബെെപ്പാസ്, കാരപ്പറമ്പ്, പുതിയറ, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ ഇടങ്ങളിൽ യു.എൽ.സി.സി എസിന്റെ നേതൃത്വത്തിൽ വെച്ചു പിടിപ്പിച്ച ചെടികളാണ് മോഷ്ടാക്കൾ ഒന്നടക്കം മേഷ്ടിക്കുന്നത്. ചെടികൾ മാത്രമല്ല ചെടിച്ചട്ടിയോടെ എടുത്തുകാെണ്ട് പോകുകയാണ് ചെയ്യുന്നത്. ചില ഭാഗങ്ങളിൽ ചെടികൾ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നതായും കണ്ടെത്തി. ചെടികൾ മോഷണം പോകുമ്പോഴും കള്ളന്മാരെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. പല ഇടങ്ങളിലെയും കാമറകൾ പ്രവർത്തിക്കാത്തതാണ് കള്ളന്മാരെ കണ്ടെത്തുന്നതിന് പൊലീസിന് വെല്ലുവിളിയാകുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ലക്ഷങ്ങൾ മുടക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.എൽ.സി.സിന്റെ നേതൃത്വത്തിൽ ചെടികൾ വച്ച് പിടിപ്പിച്ചത്. പദ്ധതി നടപ്പിലാക്കി മാസങ്ങൾക്കുള്ളിൽ തന്നെ നഗരം ഭംഗിയുള്ള പൂക്കളാൽ നിറഞ്ഞത് വേറിട്ട കാഴ്ചയായിരുന്നു. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ചെടിച്ചട്ടികൾ പരിപാലിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് യു.എൽ.സി.സി.എസ് അധികൃതർ പറയുന്നത്. രാത്രിയിൽ വാഹനങ്ങൾക്ക് വഴികാട്ടുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് റോഡിന്റെ നടുവിൽ സ്ഥാപിച്ച ആന്റിഗ്ലെയർ സ്ക്രീനുകളും സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നതായും പരായി ഉയരുന്നുണ്ട്.

Advertisement
Advertisement