സന്ദേശ്ഖാലി അതിക്രമം, സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി

Wednesday 06 March 2024 1:42 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂ‍ൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ ഇ.ഡി സംഘത്തെ ആക്രമിച്ചെന്ന കേസ് സി.ബി.ഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. ഷാജഹാൻ ഷെയ്ഖിനെ ഉടൻ സി.ബി.ഐ കസ്റ്രഡിയിൽ വിടാൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ബംഗാൾ സർക്കാരിന്റെ നടപടി റദ്ദാക്കിയ കോടതി, മുഴുവൻ രേഖകളും സി.ബി.ഐക്ക് കൈമാറാനും ഉത്തരവിട്ടു. ജനുവരി അഞ്ചിന് റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിനെ തേടിയെത്തിയ ഇ.ഡി ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. ബംഗാൾ പൊലീസ് പക്ഷപാതപരമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 50 ദിവസത്തോളം പ്രതി ഒളിവിലായിരുന്നു. അന്വേഷണം മന്ദഗതിയിലാക്കാനും പ്രതിയെ സംരക്ഷിക്കാനും പൊലീസ് ശ്രമിച്ചെന്ന് ഹൈക്കോടതി വിമർശിച്ചു. ഭരണകക്ഷിയുമായി ബന്ധമുള്ള മേഖലയിലെ കരുത്തനായ വ്യക്തിയാണ് ഷാജഹാൻ ഷെയ്ഖ്. കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ആക്രമണത്തിനിരയായതെന്നും കൂട്ടിച്ചേർത്തു. വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.

 ഡൽഹിയിൽ പ്രതിഷേധം

സന്ദേശ്‌ഖാലിയിൽ സ്ത്രീകൾക്കെതിരെ ആക്രമണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ ബംഗാ ഭവനിലേക്ക് എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധറാലി സംഘടിപ്പിച്ചു. ഷാജഹാൻ ഷെയ്ഖിനെതിരെ ഉയർന്ന ലൈംഗിക പീഡന - ഭൂമിതട്ടിപ്പ് ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിക്കും.

Advertisement
Advertisement