മൗണ്ട് ഫുജി കയറാൻ ഇനി 13 ഡോളർ നൽകണം

Wednesday 06 March 2024 7:17 AM IST

ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ മൗണ്ട് ഫുജി അഗ്നിപർവതത്തിൽ കയറാനെത്തുന്ന ഹൈക്കർമാർക്ക് ജൂലായ് 1 മുതൽ ഒരാൾക്ക് 13 ഡോളർ ( 2,000 യെൻ ) വീതം എൻട്രി ചാർജ് ഈടാക്കുമെന്ന് അധികൃതർ. ഫുജിയിലെത്താനുള്ള യോഷിദ ട്രെയിൽ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്കാണ് എൻട്രി ഫീസ് ഈടാക്കുന്നത്. ഫുജിയിലേക്കുള്ള മറ്റ് മൂന്ന് പാതകളിലൂടെ ഹൈക്കിംഗിനെത്തുന്നവർക്ക് നിരക്ക് ബാധകമല്ല.

വർഷത്തിന്റെ ഭൂരിഭാഗം സമയവും മഞ്ഞു മൂടിക്കിടക്കുന്ന ഫുജിയിൽ ജൂലായ് - സെപ്റ്റംബർ സീസണിൽ പ്രതിവർഷം 2,20,000 സന്ദർശകരാണ് എത്തുന്നത്. അതേ സമയം, യോഷിദ ട്രെയിലിലൂടെയുള്ള സഞ്ചാരികളുടെ എണ്ണം ദിവസം 4,​000 ആക്കി പരിമിതപ്പെടുത്തി. വൈകിട്ട് 4നും പുലർച്ചെ 2നുമിടെയിൽ ഈ പാതയിലൂടെയുള്ള സഞ്ചാരം നിരോധിച്ചു.

കൊവിഡിന് പിന്നാലെ മൗണ്ട് ഫുജിയിലെത്തുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. മേഖലയുടെ സംരക്ഷണവും സുരക്ഷാ കാരണങ്ങളും മുൻനിറുത്തിയാണ് എണ്ണം നിയന്ത്രിക്കാൻ അധികൃതർ തീരുമാനിച്ചത്. മറ്റ് മൂന്ന് പാതകളേക്കാളും എളുപ്പമാണ് ടോക്കിയോയിൽ നിന്ന് എത്താവുന്ന

യോഷിദ ട്രെയിൽ. സഞ്ചാരികളിൽ 60 ശതമാനവും ഈ പാതയാണ് ഉപയോഗിക്കുന്നത്.

Advertisement
Advertisement