ഭർത്താവ് 30രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങി; വില കൂടുതലെന്ന് ഭാര്യ, അവസാനം വിവാഹമോചനം വരെ എത്തി

Wednesday 06 March 2024 3:38 PM IST

ആഗ്ര: ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കത്തിൽ വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഭർത്താവ് 30രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വിലകൂടിയ ലിപ്സ്റ്റിക്കാണ് ഭർത്താവ് വാങ്ങിയതെന്നും 10 രൂപയുടെ ലിപ്സ്റ്റിക്കാണ് വാങ്ങാൻ പറഞ്ഞതെന്നും ആരോപിച്ചായിരുന്നു ഭാര്യ വഴക്കുണ്ടാക്കിയത്. വഴക്ക് തല്ലിൽ അവസാനിക്കുകയും ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു.

ആഗ്രഹയിലെ ഫാമിലി കൗൺസിലിംഗ് സെന്ററിലെ കൗൺസിലർ സതീഷ് ഖിർവാർ ആണ് ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. സതീഷാണ് ഇവരെ കൗൺസിലിംഗ് ചെയ്തത്. സ്ത്രീ എത്മാദ്‌പൂരിൽ നിന്നുള്ളതാണെന്നും ഭർത്താവ് മഥുര സ്വദേശിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

30 രൂപയുടെ ലിപ്സ്റ്റിക്ക് വളരെ ചെലവേറിയതാണെന്നും വീട്ടിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുള്ളതിലാണ് വഴക്ക് ഉണ്ടാക്കിയതെന്നും ഭാര്യ പറഞ്ഞു. ഇരുഭാഗങ്ങളും കേട്ട ശേഷം ഇരുവരെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിപ്പിച്ച് ഒത്തുതീർപ്പിലെത്തിച്ചെന്ന് സതീഷ് പറഞ്ഞു. ഒടുവിൽ ഭാര്യയ്ക്ക് ഇഷ്ടമുള്ള ലിപ്സ്റ്റിക് വാങ്ങി നൽകാമെന്ന് ഭർത്താവ് സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.