ഒരു ജോലിയും ചെയ്യരുത്, മാസം ഷോപ്പിംഗിന് മാത്രം എട്ട് ലക്ഷം രൂപ തരും; ഭാര്യ രാജകുമാരിയെപ്പോലെ ജീവിക്കണമെന്ന് യുവാവ്

Thursday 07 March 2024 4:44 PM IST

വാഷിംഗ്‌ടൺ: അമേരിക്കൻ സംരംഭകനും വ്യാപാരിയുമായ അർതുറോ പെസ്റ്റാന തന്റെ ഭാര്യക്ക് ഷോപ്പിംഗ് അലവൻസായി പ്രതിമാസം നൽകുന്നത് 8,000 പൗണ്ട് അതായത് ഏകദേശം എട്ട് ലക്ഷം രൂപ. ഭാര്യയായ അമീറ ഇബ്രാഹിമിനെ ഒരു രാജകുമാരിയായാണ് ഇദ്ദേഹം കണക്കാക്കുന്നത്. അതിനാൽത്തന്നെ അമീറയ്‌ക്ക് വീട്ടുജോലികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

2023 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ദമ്പതികൾക്ക് തിയാഗോ എന്ന ഒരു കുഞ്ഞ് പിറന്നിരുന്നു. തിയാഗോയെ പരിപാലിക്കുന്നതിൽ നിന്ന് അമീറയുടെ ശ്രദ്ധ അൽപ്പം പോലും മാറാൻ പാടില്ലാത്തതിനാൽ അമീറയ്ക്ക് മറ്റ് ബിസിനസുകൾ ചെയ്യാനും അർതുറോ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

12-ാം വയസിലാണ് അർതുറോ അമീറയെ കണ്ടുമുട്ടിയത്. അന്നുമുതൽ അവളെ പ്രണയിച്ചുതുടങ്ങിയ അർതുറോയോട് ആറ് വർഷത്തിന് ശേഷമാണ് അമീറ ഇഷ്ടമാണെന്ന് പറഞ്ഞത്. പിന്നീട് നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഒരു അഭിമുഖത്തിലാണ് ഈ യുവ സംരംഭകൻ പറയുന്നത് തന്റെ മകനും ഭാര്യയും ഒരു ജോലിയും ചെയ്യുന്നത് തനിക്കിഷ്ടമല്ല എന്ന കാര്യം. താൻ അവർക്കായി ഒരുക്കുന്ന രാജകീയ ജീവിതത്തിൽ ജീവിച്ചാൽ മാത്രം മതിയെന്നാണ് അർതുറോ പറഞ്ഞത്. ഭാര്യ ആഗ്രഹിക്കുന്നതെന്തും വാങ്ങിക്കാൻ താൻ ഭാര്യയ്ക്ക് എല്ലാമാസവും അലവൻസ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടികൾ വിലമതിക്കുന്ന ഹൂസ്റ്റണിലെ ഒരു മാളികയിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. ന്യൂയോർക്ക്, കാലിഫോർണിയ, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിലും ഇവർക്ക് ആഡംബര വീടുകൾ ഉണ്ട്. വിവാഹത്തിന് മുമ്പ് അമീറ ഇബ്രാഹിം ഒരു ബിസിനസുകാരിയായിരുന്നു. സെക്കൻഡ് ഹാൻഡ് ഫാഷൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട ബിസിനസ് സംരഭത്തിന്റെ ഉടമയായിരുന്നു അവർ.