തൃശൂരിൽ ബി ജെ പിയെ മൂന്നാം സ്ഥാനത്താക്കും, കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കില്ലെന്ന് കെ മുരളീധരൻ

Friday 08 March 2024 7:47 PM IST

കോഴിക്കോട് : തൃശൂരിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ. മുരളീധരൻ. ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് നയമെന്നും മുരളീധരൻ പറഞ്ഞു നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും. ​ നല്ല പോരാട്ടവും വിജയവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നുവെന്ന് മുരളീധരൻ വ്യക്തമാക്കി.

ബി.ജെ.പിക്ക് കേരളത്തിൽ നിലം തൊടാൻ കഴിയില്ല. ഒരിടത്തും അവർ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. ഇന്നലെയാണ് സീറ്റ് മാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂർക്കാവിൽ നിന്ന് വടകരയിലെത്തി. പാർട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരിൽ മത്സരിക്കും. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബി.ജെ.പി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാർട്ടി ഏൽപ്പിച്ച ദൗത്യം. പത്മജയെ ബി.ജെ.പി മുന്നിൽ നിറുത്തിയാൽ അത്രയും പണി കുറയുമെന്നും മുരളീധരൻ പരിഹസിച്ചു.