ചൈനീസ് അതിർത്തിയിൽ ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കം തുറന്നു
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം നിർമ്മിച്ച തന്ത്രപ്രധാനമായ സെല തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തെ ഏറ്റവും നീളം കൂടിയ ഇരട്ടപാത തുരങ്കമാണിത്. അരുണാചൽ പ്രദേശിലെ ബലിപാറ-ചാരിദുവാർ-തവാങ് റോഡിൽ അതിശൈത്യത്തിൽ അടക്കം 365 ദിവസവും ഗതാഗതം സാദ്ധ്യമാക്കും.
ഇന്ത്യ - ചൈന അതിർത്തിയിൽ സൈനിക , ആയുധ നീക്കത്തിന് സെല തുരങ്കം സഹായിക്കും. കനത്ത മഴ, മഞ്ഞുവീഴ്ച, മണ്ണിടിച്ചിൽ എന്നിവ മൂലം ഈ റോഡിൽ ഗതാഗതം പതിവായി തടസപ്പെടുമായിരുന്നു.
2019 ഫെബ്രുവരിയിൽ മോദി തറക്കല്ലിട്ട സെല തുരങ്കം കൊവിഡ് തടസങ്ങൾ മറികടന്ന് റെക്കാഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പു നേട്ടത്തിനല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനാണ് മോദി പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സെല തുരങ്കം
ചെലവ് 825 കോടി രൂപ
ഓസ്ട്രിയൻ ടണലിംഗ് സാങ്കേതിക വിദ്യ.
സമുദ്ര നിരപ്പിൽ നിന്ന് 13,000 അടി ഉയരം
രണ്ട് തുരങ്കം: 1,003 മീറ്റർ സിംഗിൾ ട്യൂബ്, 1,595 മീറ്റർ ഇരട്ടപ്പാത രക്ഷാപ്രവർത്തനത്തിന് എസ്‌കേപ്പ് ട്യൂബ്
തുരങ്കത്തിൽ കുടുങ്ങിയവരെ ഇതിലൂടെ പുറത്തെത്തിക്കാം.
ദിവസം 3,000 കാറുകളും 2,000 ട്രക്കുകളും
പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ
അത്യാധുനിക സുരക്ഷാ സന്നാഹങ്ങൾ
രാജ്യത്തെ ഉയരമുള്ള അണക്കെട്ട്
അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലി ജില്ലയിൽ ദിബാംഗ് വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതിക്ക് പ്രധാനമന്ത്രി ശിലയിട്ടു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരിക്കും ഇത്. 31,875 കോടി രൂപയാണ് ചെലവ്.