സ്ഥാനാർത്ഥികൾ ആരായാലും ഹാരാർപ്പണത്തിന്  ഇനി ഖാദി മാലകൾ 

Saturday 09 March 2024 11:11 PM IST

കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിലും വിപണി ഉറപ്പുവരുത്താൻ ഖാദിബോർഡിന്റെ ശ്രമം. പരിസ്ഥിതിസൗഹൃദമായി അനുബന്ധിച്ച് വിവിധ നിറങ്ങളിലുള്ള നൂലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഖാദിമാലകൾ വിപണിയിലിറക്കിയാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇറങ്ങിയിരിക്കുന്നത്. ചുവപ്പ്,പച്ച, കുങ്കുമം, ത്രിവർണം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ മാലകൾ ലഭ്യമാണ്.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ആരംഭിച്ച ഖാദി സിൽക്ക് ഫെസ്റ്റിലാണ് മാലകൾ ലഭ്യമാക്കിയിരിക്കുന്നത്.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജനാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ കെ.വി.രാജേഷ്, ജില്ലാ പ്രൊജക്ട് ഓഫീസർ കെ.ജിഷ, വില്ലജ് ഇൻഡസ്ട്രീസ് ഓഫീസർ. കെ.വി.ഫാറൂഖ്, അസിസ്റ്റന്റ് രജിസ്ട്രാർ ഷോളി ദേവസ്യ, ജൂനിയർ സൂപ്രണ്ടുമാരായ ദീപേഷ് നാരായണൻ. ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഖാദി സിൽക്ക് സാരി, ഷർട്ടിംഗുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, പയ്യന്നൂർ പട്ട്, മറ്റ് ഖാദി തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. മുപ്പത് ശതമാനമാണ് ഗവൺമെന്റ് റിബേറ്റ് .

Advertisement
Advertisement