പ്രിയതമന്റെ വേർപാടിൽ തളർന്നില്ല,​ വർണശലഭമായി അമ്മയും മകനും

Sunday 10 March 2024 12:32 AM IST

മാന്നാർ: ജീവനുതുല്യം സ്നേഹിച്ച ഭർത്താവ് മൂന്ന് മാസം മുമ്പ് അവിചാരിതമായി വിടപറഞ്ഞപ്പോൾ നിഷ രമേശ് തളർന്നുപോയി. എന്നാൽ,​ ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുമ്പിൽ ആ നാല്പത്തിനാലുകാരിക്ക് അധികനാൾ തളർന്നിരിക്കാൻ ആയില്ല. ഒടുവിൽ

പ്രിയതമന്റെ സ്മരണയിൽ വരയുടെ ലോകത്ത് വർണ്ണങ്ങൾ ചാലിച്ച് ജീവിതത്തെ നേരിടാൻ തന്നെ അവർ തീരുമാനിച്ചു. ഇരുപത്തിരണ്ടുകാരനായ മകൻ അശ്വിൻ കൂടി ചേർന്നതോടെ അവർ കൈകോർത്ത് ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന തെരുവിലേക്കിറങ്ങി.

മാന്നാർ, ബുധനൂർ, എണ്ണയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന റോഡരികിലെ മതിലുകളെല്ലാം ഈ അമ്മയുടെയും മകന്റെയും കരവിരുതിന്റെ സാക്ഷ്യങ്ങളായിക്കഴിഞ്ഞു.

സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യങ്ങൾ വരയ്ക്കുന്ന ജോലിയിലാണ് തിരുവല്ല തിരുമൂലപുരം വാര്യന്തറയിൽ നിഷരമേശും മകൻ അശ്വിനും.

തിരുവല്ലയിലെ സ്വകാര്യ വസ്ത്രവ്യാപാര ശാലയുടെ പരസ്യങ്ങളാണ് നിഷയും അശ്വിനും മതിലുകളിൽ എഴുതുന്നത്. ഭർത്താവ് രമേശിനൊപ്പം വർഷങ്ങളോളം ജോലി ചെയ്തിരുന്ന കലാകാരന്മാരായ രാജൻ ചുമത്ര, കൊച്ചുമോൻ ആഞ്ഞിലിത്താനം, രാജേന്ദ്രൻ, നിബു എന്നിവരും ഇവർക്കൊപ്പം ജോലി ചെയ്യുന്നുണ്ട്.

പറന്നുപോയ പ്രണയം

തിരുവല്ല മാർത്തോമ്മ കോളേജിലെ പ്രീഡിഗ്രി കാലത്തെ പ്രണയം, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 1997ൽ വി.എൻ.രമേശ്കുമാ‌റിനെയും നിഷയെയും രജിസ്റ്റർ വിവാഹത്തിലെത്തിച്ചു.

എന്നാൽ,​ സന്തോഷ നിർഭരമായ 26വർഷത്തെ ദാമ്പത്യജീവിതത്തിൽ രണ്ടു ആൺമക്കളെ സമ്മാനിച്ച് മാസങ്ങൾക്ക് മുമ്പ് പ്രിയതമൻ വിടപറഞ്ഞു. ഇതോടെ ചുറ്റിലും പടർന്ന ഇരുട്ടിൽ നിന്ന് വരയുടെ ലോകത്തേക്ക് പിച്ചവച്ചു കയറുമ്പോൾ നിഷയ്ക്ക് കരുത്തായതും രമേശിന്റെ ഓർമ്മകളായിരുന്നു. അറിയപ്പെടുന്ന ചിത്രകാരനായിരുന്നു രമേശ്കുമാ‌റിന്റെ മുഴുവൻ കഴിവുകളും മൂത്തമകൻ അശ്വിൻരമേശിനാണ് കിട്ടിയിട്ടുള്ളതെന്ന് നിഷ പറയുന്നു.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ത്രീഡി അനിമേഷൻ വിദ്യാർത്ഥിയാണ് അശ്വിൻ. 9-ാംക്ലാസ് വിദ്യാർത്ഥി സന്നു ഗിഫ്റ്റ് രമേശാണ് ഇളയ മകൻ. രമേശിന്റെ ചിത്രങ്ങൾ അമൂല്യനിധിപോലെ സൂക്ഷിക്കുന്ന നിഷ 'എൻ ക്രിയേഷൻ' യുട്യൂബ് ചാനലിലൂടെ വരയും കവിതയും പ്രചരിപ്പിക്കുന്നുണ്ട്.

നിരവിധി ചിത്രപ്രദർശനങ്ങൾ നടത്തിയിരുന്ന ഭർത്താവിന്റെ സ്മരണാർത്ഥം കലാകാരന്മാരുടെ ഒരുകൂട്ടായ്മ രൂപീകരിച്ച് സ്ഥിരമായി ചിത്രപ്രദർശനങ്ങളും ആർട്സ് സ്‌കൂളും സ്ഥാപിക്കണമെന്നാണ് ആഗ്രഹം

- നിഷരമേശ്

Advertisement
Advertisement