പദ്മവ്യൂഹത്തിലെ ചതി; ജോർജേട്ടന്റെ പൂരവും
കഴിഞ്ഞ ജന്മത്തിലെ ശത്രു പുനർജന്മത്തിൽ മകനായോ മകളായോ ജനിക്കുമോ?ചില രാഷ്ട്രീയ നേതാക്കളുടെ മക്കളെക്കുറിച്ച് പണ്ടേ പറഞ്ഞുകേട്ടു തുടങ്ങിയതാണ് ഇത്, കേരളത്തിലെ കോൺഗ്രസിന്റെ ഗോഡ് ഫാദർമാരായ ലീഡർ കെ. കരുണാകരന്റെ മകൾ പദ്മജയും, എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും കോൺഗ്രസിന്റെ ശത്രുപാളയത്തിൽ ചേക്കേറിയതാണ് പുതിയ വിഷയം. വർഗീയ ശക്തികളുടെ കൂടാരത്തിൽ അഭയം തേടിയ തന്റെ
സഹോദരി പദ്മജയുടെ ചതി അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നാണ് കെ. മുരളീധരന്റെ ശാപം. ജീവിച്ചിരിക്കെ
അച്ഛനെ പല തവണ കരയിച്ച മകന് അതിനുള്ള അർഹതയില്ലെന്ന് പദ്മജയും!
എന്തായാലും അനിൽ ആന്റണിക്കു പിന്നാലെ പദ്മദയും തങ്ങൾക്കൊപ്പമെത്തിയതോടെ ഒരു വെടിക്ക് രണ്ടു പക്ഷിയെ
വീഴ്ത്തിയ ആഹ്ളാദത്തിലാണ് ബി.ജെ.പി. കോൺഗ്രസ് നേതൃത്വമാകട്ടെ, യുദ്ധക്കളത്തിൽ പിന്നിൽ നിന്ന് കുത്തേറ്റു വീണതിന്റെ ആഘാതത്തിലും. നിങ്ങളെന്നെ ബി.ജെ.പിയാക്കിയെന്നാണ് പദ്മജ
കോൺഗ്രസ് നേതാക്കളോട് പറയുന്നത്. കോൺഗ്രസിനെയല്ല, കോൺഗ്രസ് നേതാക്കളെയാണ് മടുത്തതത്രെ. ഇനി താനുമായി ബന്ധമില്ലെന്നു പറയുന്ന ചേട്ടൻ മുരളിക്കിട്ടും പദ്മജ ഒന്നു കൊടുത്തു. 'ഞാൻ ബി.ജെ.പിയിൽ എത്തിയതു കണ്ട് ഞെട്ടിയാണ് മുരളീധരൻ തൂശൂരിലേക്ക് തിടുക്കപ്പെട്ട് ഓടിയത്. എന്റെ ആരോഗ്യപ്രശ്നങ്ങളും ചേട്ടന് അറിയാം. അതെല്ലാം മറന്ന് നാല് വോട്ടിനു വേണ്ടിയാണ് ചേട്ടന്റെ വർത്തമാനം. രണ്ടുമൂന്ന് പാർട്ടി മാറിയ ആളായതുകൊണ്ട് എന്തും പറയാം. ചേട്ടനായിപ്പോയി. അല്ലെങ്കിൽ രണ്ടടി കൊടുക്കാമായിരുന്നു.' അവിടെയും സഹോദര സ്നേഹത്തിന്റെ മേമ്പൊടി. ചേട്ടൻ ഇതു കേൾക്കുന്നില്ലേ?
പദ്മജ കരുണാകരന്റെ 'ബയോളജിക്കൽ ഫാദർ' മാത്രമാണെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ കണ്ടുപിടിത്തം. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത രാഹുൽ ഇത്രയെങ്കിലും
സമ്മതിച്ചല്ലോ എന്നാണ് പദ്മജയുടെ ആശ്വാസം. കരുണാകരന്റെ പിതൃത്വവും പാരമ്പര്യവും രാഷ്ട്രീയമായി
അവകാശപ്പെടാൻ ഇനി പദ്മജയ്ക്ക് കഴിയില്ലെന്ന് രാഹുൽ പറയുന്നു. കരുണാകരന്റെ മതേതര പാരമ്പര്യം പദ്മജ
കൊണുപോയി ചാണകക്കുഴിയിൽ തള്ളിയെന്നും! ടിവി ചർച്ചയിലൂടെ നേതാവായ രാഹുൽ
താൻ കരുണാകരന്റെ മകളല്ലെന്ന് അധിക്ഷേപിച്ചത് തന്റെ അമ്മ കല്യാണിക്കുട്ടി അമ്മയ്ക്ക് എതിരല്ലേ എന്നാണ്
പദ്മദജയുടെ ചോദ്യം. ഇതിനിടെ മലപ്പുറത്ത് മോദിയുടെയും പദ്മജയുടെയും പോസ്റ്ററിൽ ബി.ജെ.പിയിലെ
ഏതോ വിരുതന്മാർ കെ. കരുണാകരന്റെ ചിത്രം കൂടി പതിച്ചു. ഇതിനു കാരണക്കാരി പദ്മജയല്ലേ എന്നാണ്
മുരളീധരന്റെ ചോദ്യം.
വൈകുന്നരം വരെ വിയർത്തൊലിച്ച് വെള്ളംകോരിയ ശേഷം വൈകിട്ട് കുടമിട്ട് ഉടച്ചതു പോലെയായി ടി.എൻ. പ്രതാപന്റെ സ്ഥിതി. തൃശൂരിൽ തനിക്ക് കൈപ്പത്തി ചിഹ്നത്തിൽ വോട്ടുതേടി കിട്ടിയ ചുവരുകളിലെല്ലാം എഴുതിക്കഴിഞ്ഞു. സ്വന്തം പടം വച്ച് മൂന്നര ലക്ഷം കളർ പോസ്റ്റർ അടിച്ചു. എല്ലാം പാഴായില്ലേ? തന്റെ സിറ്റിംഗ് സീറ്റിൽ മറ്റാരെന്ന ചിന്തയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ തൃശൂരിൽ തന്നോട് ഒരു കൈ നോക്കാൻ വെല്ലുവിളിച്ച കക്ഷിയാണ്. കൈയും പോയി കാലും പോയി. മക്കളെക്കണ്ടും മാമ്പൂ കണ്ടും മദിക്കരുത് എന്നാണ് പഴഞ്ചൊല്ല്. പദ്മജ ബി.ജെ.പിയിൽ പോയതിന് താനെന്തു പിഴച്ചു?അത് അവരുടെ കുടുംബകാര്യം. തൃശൂരിൽ താൻ ഉഴുതു മറിച്ച കളത്തിൽ ഫലം കൊയ്യാൻ മുരളീധരൻ. താൻ ഒടുവിൽ കളത്തിനു പുറത്ത്!
എന്നുവച്ച് പ്രതാപൻ പിണങ്ങുമെന്നോ കരഞ്ഞ് ബഹളം കൂട്ടുമെന്നോ കരുതിയവർക്ക് തെറ്റി. പാർട്ടി തന്നോടു കാട്ടിയ ചതി മറന്ന് അന്നു രാത്രിതന്നെ ചായക്കൂട്ടുമായി തെരുവിലേക്ക്. പ്രതാപന് വോട്ടു ചെയ്യുക എന്ന എഴുത്ത് മായ്ച്ച്, പകരം മുരളീധരന്റെ പേരെഴുതി. ഇതാണ് ത്യാഗം. തന്റെ സീറ്റ് തെറിച്ചേക്കുമെന്ന് പ്രതാപൻ മണത്തറിഞ്ഞിരുന്നു എന്നാണ് ഒടുവിൽ കേട്ടത്. അച്ചടിച്ച മൂന്നര ലക്ഷം പോസ്റ്ററിൽ തൃശൂർ എന്ന സ്ഥലമില്ല. പ്രതാപന്റെ പടവും ചിഹ്നവും അഭ്യർത്ഥനയും മാത്രം. നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് വന്നാലും ഉപയോഗിക്കാം. അതിന്, നിലവിൽ പാർലമെന്റിലേക്കു മത്സരിക്കുന്ന എം.എൽ.എമാരിൽ ആരെങ്കിലും ജയിക്കണം. വടകരയിൽ പുതിയ അങ്കം രണ്ട് എം.എൽ.എമാർ തമ്മിലല്ലേ? അതിലൊരാൾ തോറ്റല്ലേ തീരൂ. അവിടെ ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട്!
പാപി ചെല്ലുന്നിടം പാതാളം! ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേരുകയും, മോഹിച്ച പത്തനംതിട്ട സീറ്റ്
കിട്ടാതെ വന്നപ്പോൾ കലമ്പുകയും ചെയ്ത പി.സി. ജോർജിനെക്കുറിച്ചുള്ള പരിഹാസ ട്രോൾ. തന്റെ സീറ്റ് പോയതിനു പിന്നിൽ വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് തട്ടിവിട്ടത് ജോർജിന് പുകിലായി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയോട് പരാതിപ്പെട്ട് തുഷാർ. വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് ജോർജിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്റെ ഇണ്ടാസ്. ജോർജ് ബി.ജെ.പിക്ക് 'ഭാര'മാകുമോ എന്ന് ആശങ്കപ്പെട്ട് വെള്ളാപ്പള്ളി. തവളയെപ്പോലെ വളർന്നതുകൊണ്ട് ആയില്ലെന്നും കളിയാക്കൽ. ഇതിന് ജോർജ് മറുപടി പറഞ്ഞതായി കേട്ടില്ല.
സീൻ രണ്ട്: അനിൽ ആന്റണിയെ പത്തനംതിട്ടയിൽ ആർക്കുമറിയില്ലെന്ന് ജോർജ്. അപകടം മണത്ത അനിൽ അന്റണി നേരേ പോയത് ജോർജിന്റെ വസതിയിലേക്ക്. ജോർജ് ലഡ്ഡു നൽകി വിജയം ആശംസിക്കുന്നു. പ്രചാരണത്തിന് താനും ഉണ്ടാവുമെന്ന ഉറപ്പും! പോരേ പൂരം!
നുറുങ്ങ്:
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഗാർഹിക ഗ്യാസ് സിലണ്ടറിന് മോദി സർക്കാർ നൂറു രൂപ കുറച്ചു.
തിരഞ്ഞെടുപ്പിനു മുമ്പ് പെട്രോൾ, ഡീസൽ വിലയിലും 'മോദി ഗ്യാരന്റി ' പ്രതീക്ഷിക്കാമോ?
(വിദുരരുടെ ഫോൺ: 9946108221)