മോദിയുടെ ഇടപെടൽ യുക്രെയിനിൽ ആണവാക്രമണ സാദ്ധ്യത ഒഴിവാക്കി: യു.എസ് മാദ്ധ്യമം

Monday 11 March 2024 7:17 AM IST

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ ഇടപെടൽ യുക്രെയിനിലെ റഷ്യൻ ആണവാക്രമണ സാദ്ധ്യത ഒഴിവാക്കിയെന്ന് യു.എസ് മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. 2022 അവസാനം യുദ്ധമുഖത്ത് ഒന്നിന് പിറകേ ഒന്നായി തിരിച്ചടി നേരിട്ടപ്പോൾ യുക്രെയിൻ മണ്ണിൽ ആണവായുധ പ്രയോഗത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കടുത്ത സമ്മർദ്ദം നേരിട്ടിരുന്നതായി യു.എസ് ഭരണകൂടം കരുതുന്നു.

എന്നാൽ,​ ഇന്ത്യ,​ ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകൾ പദ്ധതി ഉപേക്ഷിക്കാൻ പുട്ടിനെ പ്രേരിപ്പിച്ചെന്നാണ് മുതിർന്ന യു.എസ് ഉദ്യോഗസ്ഥരുടെ നിഗമനം. ആണവാക്രമണ സാദ്ധ്യത കണക്കിലെടുത്ത് യു.എസ് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എസ് ഭരണകൂടമോ റഷ്യയോ റിപ്പോർട്ടിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേ സമയം, യുക്രെയിനിൽ ആക്രമണം നടത്താൻ തങ്ങളുടെ ആണവസേനയെ റഷ്യ സജ്ജമാക്കിയെന്ന് തെളിയിക്കുന്ന രഹസ്യവിവരങ്ങളൊന്നും യു.എസ് ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

യുക്രെയിൻ - റഷ്യ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. 2022 സെപ്റ്റംബറിൽ ഉസ്ബക്കിസ്ഥാനിൽ ഷാങ്ങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ' ഇത് യുദ്ധത്തിന്റെ യുഗമല്ല ' എന്ന് മോദി പുട്ടിനെ ഓർമ്മിപ്പിച്ചത് ആഗോളതലത്തിൽ ഏറെ ചർച്ചയായിരുന്നു.

Advertisement
Advertisement