നാളെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത് പത്ത് വന്ദേഭാരത്: റെയിൽവെയുടെ ചിറകിൽ ഇനി പുതിയൊരു പൊൻതൂവൽ

Monday 11 March 2024 3:14 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പത്ത് വന്ദേഭാരത് സർവീസുകൾ കൂടി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്ത് ആകെയുള്ള വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 50 കടക്കും. ലക്നൗ-ഡെറാഡൂൺ വന്ദേ ഭാരതിനൊപ്പം പാറ്റ്ന-ലക്നൗ, ന്യൂ ജൽപായ്ഗുരി -പാറ്റ്ന, പുരി-വിശാഖപട്ടണം, കലബുറഗി-ബംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ-ഡൽഹി എന്നിവയും അഹമ്മദാബാദ്-മുംബയ്, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു- ചെന്നൈ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ രണ്ടാം ഘട്ടവുമാണ് പ്രധാനമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യുന്നത്.

കൂടാതെ ഇപ്പോൾ സർവീസ് നടത്തുന്ന നാല് വന്ദേഭാരത് സർവീസുകളുടെ റൂട്ടും നാളെ ദീർഘിപ്പിക്കും. അഹമ്മദാബാദ്-ജാംനഗർ വന്ദേഭാരത് ദ്വാരക വരെ സർവീസ് നടത്തും. അജ്മീർ- ഡൽഹി ട്രെയിനിൽ ചണ്ഡീഗഡ് വരെയും ഗോരഖ്പൂർ- ലക്നൗ സർവീസ് പ്രയാഗ്രാജ് വരെയും ദീർഘിപ്പിക്കും. കേരളത്തിൽ സർവീസ് നടത്തുന്ന തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ സർവീസ് ദീർഘിപ്പിക്കും.

2023 ഡിസംബർ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് വന്ദേഭാരത് എക്സ്പ്രസുകളുടെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. നാളെ പത്ത് ട്രെയിനുകൾ കൂടെ സർവീസ് ആരംഭിച്ചാൽ രാജ്യത്ത് ഓടുന്ന വന്ദേഭാരതുകളുടെ എണ്ണം 51 ആവും. 45 റൂട്ടുകളിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. ആറോളം ട്രെയിനുകൾ ഒരേ റൂട്ടിൽ തന്നെയാണ് സർവീസ്. രണ്ട് ട്രെയിനുകൾ വീതം ഡൽഹിയെയും കത്രയെയും (ജമ്മു കാശ്മീർ) ഡൽഹിയെയും വാരണാസിയെയും ബന്ധിപ്പിക്കുന്നു. മുംബയ്- അഹമ്മദാബാദ്, മൈസൂരു, ചെന്നൈ, കാസർകോട്-തിരുവനന്തപുരം എന്നീ ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ രണ്ട് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

ഏറ്റവും കൂടുതൽ ഡൽഹിയിൽ
നാളെ പത്ത് വന്ദേഭാരത് കൂടെ സർവീസ് ആരംഭിച്ചാൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്ന സംസ്ഥാനം ഡൽഹിയായിരിക്കും. 51 ട്രെയിനിൽ പത്തെണ്ണവും ഡൽഹി ബന്ധപ്പെടുത്തിയാണ് സർവീസ്. ഡെറാഡൂൺ, ഭോപ്പാൽ, അയോദ്ധ്യ, അമൃത്സർ, ഖജുരാഹോ, അംബ് അണ്ടൗറ എന്നീ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഡൽഹിയിൽ നിന്ന് നേരിട്ട് വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. വാരാണസിയിലേക്ക് കത്ര എന്നിവിടങ്ങളിലേക്കും ഡൽഹിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്.

Advertisement
Advertisement