വോട്ടാക്കാൻ ബി.ജെ.പി, പൗരത്വഭേദഗതി പ്രാബല്യത്തിൽ

Tuesday 12 March 2024 4:19 AM IST

ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധത്തിനും ഡൽഹി ഷഹീൻബാഗ് പ്രക്ഷോഭത്തിനും തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടപ്പാക്കി മോദി സർക്കാർ. ഹിന്ദുത്വ ധ്രുവീകരണം വോട്ടാക്കി മാറ്റാൻ അയോദ്ധ്യ രാമക്ഷേത്രത്തിനൊപ്പം ദേശീയ പൗരത്വ നിയമവും ഉപകരിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വെബ്‌ പോർട്ടലും നിലവിൽ വന്നതായി ഇന്നലെ കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്. പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടൽ.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങി മുസ്ളിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്. 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ എത്തിയവരായിരിക്കണം.

2019ലെ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളിലൊന്നാണ് ദേശീയ പൗരത്വ നിയമം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുമ്പ് നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പശ‌്ചിമബംഗാൾ, അസാം, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമം തിരഞ്ഞെടുപ്പിൽ പ്രധാന ആയുധമാകും.

പാസാക്കി 4 വർഷത്തിന്

ശേഷം വിജ്ഞാപനം

2019 ഡിസംബർ 11ന് പാർലമെന്റ് പാസാക്കിയ പൗരത്വ ദേദഗതി ബില്ലിന് തൊട്ടടുത്ത ദിവസം അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട് അംഗീകാരം നൽകി. എന്നാൽ കടുത്ത പ്രതിഷേധവും സുപ്രീംകോടതിയിലെ കേസും കാരണം വിജ്ഞാപനം നീണ്ടു. രാഷ്‌ട്രപതി ഒപ്പിട്ടാൽ ആറുമാസത്തിനകം വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. സബോർഡിനേറ്റ് നിയമനിർമ്മാണ സമിതികളുടെ അംഗീകാരത്തോടെയാണ് നടപടി നീട്ടിയത്. അതിനിടെ ഷഹീൻബാഗിലെ മുസ്ളിം പ്രതിഷേധം അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടി. കൊവിഡ് വ്യാപനത്തെ തുടർന്ന് സമരം ദുർബലമായി.

മുസ്ളിങ്ങളുടെ അവകാശം

കവരില്ലെന്ന് കേന്ദ്രം

 മുസ്ളിം സമുദായത്തിനെതിരെ ആണെന്ന വിലയിരുത്തലാണ് നിയമത്തെ വിവാദമാക്കിയത്

 നിയമം പിൻവലിക്കണമെന്ന് മുസ്ളിം ലീഗ് അടക്കം പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കെയാണ് വിജ്ഞാപനം

 ഇന്ത്യൻ പൗരന്മാർക്ക് ബാധകമല്ലാത്തതിനാൽ അവകാശങ്ങൾ കവരില്ലെന്നാണ് കേന്ദ്ര സർക്കാർ വാദം

 വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള 1955ലെ പൗരത്വ നിയമത്തിന് സി.എ.എ വിരുദ്ധല്ലെന്നും പറയുന്നു

സി.എ.എ നടപ്പാക്കുന്നത് എതിർക്കുമെന്ന് കേരളവും ബംഗാളും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ

ബാധകമല്ലാത്ത മേഖല

ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അസാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമം ഒഴിവാക്കി. (ഉദാ. അസാമിലെ കർബി ആംഗ്ലോംഗ്, മേഘാലയയിലെ ഗാരോ ഹിൽസ്, മിസോറാമിലെ ചക്മ ജില്ല)

റംസാന് മുൻപ് വിജ്ഞാപനം ഇറക്കിയത് എന്തിനെന്ന് വ്യക്തമാണ്. ജനങ്ങളോട് ശാന്തരാകാനും കിംവദന്തികൾ ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു

- മമതാ ബാനർജി, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി

Advertisement
Advertisement