തിരഞ്ഞെടുപ്പ് ബോണ്ട്: കോടികൾ ഒഴുക്കിയവർ കൺവെട്ടത്തേയ്ക്ക്, സാവകാശം ചോദിച്ച എസ്.ബി.ഐ ഹർജി സുപ്രീം കോടതി തള്ളി 

Tuesday 12 March 2024 4:28 AM IST

ന്യൂഡൽഹി:രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് ബോണ്ടായി കോടികൾ ഒഴുക്കിയ വമ്പൻമാരുടെ പേരുകൾ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവരാതിരിക്കാനുള്ള തന്ത്രം പാളി. വമ്പൻ കരാറുകാരും ശതകോടീശ്വരൻമാരായ ബിസിനസുകാരും അടക്കമുള്ളവർ നൽകിയ കോടികളുടെ കണക്കും അവരുടെ പേരുകളും അടക്കമാണ് പുറത്തുവരുന്നത്. ഏതൊക്കെ പാർട്ടികൾക്ക് എത്ര രൂപ വീതം നൽകിയെന്ന വിവരം പുറത്തുവരില്ല.

തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം വേണമെന്ന എസ്.ബി.ഐയുടെ ആവശ്യം സുപ്രീംകോടതി തള്ളിയതോടെയാണിത്. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ നടത്തിയ ബോണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.ബി.ഐ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം. ഇവ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കു മുൻപ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

ഉത്തരവ് പാലിച്ചതായി എസ്.ബി.ഐ ചെയർമാൻ സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ കോടതിയലക്ഷ്യനടപടിയിലേക്ക് കടക്കും. സി.പി.എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയും ബാങ്കിനെതിരെ കോടതിയലക്ഷ്യഹർജി സമർപ്പിച്ചിട്ടുണ്ട്.

വ്യക്തികളും കമ്പനികളും ഏത് രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകി എന്നത് രേഖകളുമായി ബാങ്ക് ഒത്തുനോക്കേണ്ടതില്ലെന്ന കോടതിയുടെ നിലപാടാണ് രാഷ്ട്രീയപാർട്ടികൾക്ക് ആശ്വാസമായത്. അങ്ങനെയൊരു നിർദ്ദേശം ഫെബ്രുവരി 15ന്റെ വിധിയിൽ നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ആരുടെ തുകയെന്ന് പറയണം

1. ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി, എത്ര രൂപയുടെ ബോണ്ട് എന്ന് വ്യക്തമാക്കാനാണ് കോടതി നിർദേശം.

2. സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ. പാർട്ടികൾ കാശാക്കി മാറ്റിയെടുത്ത ഓരോ ബോണ്ടിന്റെയും വിശദാംശങ്ങൾ, ബോണ്ടിന്റെ മൂല്യം, അവ മാറ്റിയെടുത്ത തീയതി.

 ഇഴകീറാൻ പറഞ്ഞോ ?​

ബോണ്ടുകളുടെ രഹസ്യാത്മകത നിലനിർത്താൻ രണ്ടുതട്ടിലുള്ള സംവിധാനമാണ് എസ്.ബി.ഐ ഏർപ്പെടുത്തിയിരുന്നത്. ഒന്നിൽ,​ ബോണ്ട് വാങ്ങിയവരുടെ വിശദാംശങ്ങളും രണ്ടാമത്തേതിൽ രാഷ്ട്രീയപാർട്ടികളുടെ വിവരങ്ങളും. ഇത് ഒത്തുനോക്കി ക്രോഡീകരിക്കുക സങ്കീർണ പ്രക്രിയയാണെന്ന് ബാങ്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. അങ്ങനെ ഒത്തുനോക്കാൻ തങ്ങൾ പറഞ്ഞോയെന്ന് കോടതി തിരിച്ചു ചോദിച്ചു. 26 ദിവസം എന്തു ചെയ്തുവെന്നും കോടതി ചോദിച്ചു.

 വിവരശേഖരണം ലളിതം

ബോണ്ടുകൾ തുകയാക്കി മാറ്റിയെടുക്കാൻ ഓരോ രാഷ്ട്രീയപാർട്ടിക്കും ഒരു കറന്റ് അക്കൗണ്ടാണുള്ളത്. എസ്.ബി.ഐയുടെ 39 ശാഖകളിലാണ് ഈ അക്കൗണ്ടുകൾ. ബോണ്ടുകൾ വിൽപന നടത്തിയത് 29 ശാഖകളിലൂടെയാണ് . ബോണ്ട് വാങ്ങിയവർ കെ.വൈ.സി ഫോം നൽകിയിട്ടുണ്ട് . അതിനാൽ വിവരങ്ങൾ ശേഖരിക്കുന്നത് സങ്കീർണപ്രക്രിയ അല്ലെന്നാണ് കോടതിയുടെ നിലപാട്.

ലഭിച്ചത് 16518.11 കോടി;

തുക വർദ്ധിച്ചേക്കാം

തിരഞ്ഞെടുപ്പ് കമ്മിഷന്റെയും​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയുടെയും കണക്കുപ്രകാരം 2017-18 മുതൽ 2022-23 വരെ ബോണ്ട് മുഖേന ലഭിച്ച തുക 16518.11 കോടിയാണ്. രേഖകൾ പുറത്തുവരുമ്പോൾ തുക വൻതോതിൽ വർദ്ധിച്ചേക്കാം.

ബി.ജെ.പി - 6565 കോടി. (54.7%)​

കോൺഗ്രസ് - 1123 കോടി (9.37 %)​

തൃണമൂൽ കോൺഗ്രസ് - 1092 കോടി (9.1%)​

Advertisement
Advertisement