പരീക്ഷയില്‍ ജയിപ്പിച്ച് മാനം കാക്കണേ, ഇല്ലെങ്കില്‍ വീട്ടിലെന്ത് സംഭവിക്കുമെന്ന് ഉത്തരക്കടലാസിലെഴുതി പത്താംക്ലാസുകാരി
പട്‌ന: പരീക്ഷ എഴുതിയ ശേഷം ഉത്തരക്കടലാസിന്റെ ഒടുക്കം ചില അഭ്യര്‍ത്ഥനകളും മറ്റും വിദ്യാര്‍ത്ഥികള്‍ എഴുതി ചേര്‍ക്കാറുണ്ട്. എന്നാല്‍ ബിഹാറിലെ പത്താം ക്ലാസ് പരീക്ഷ പേപ്പറില്‍ ഒരു വിദ്ധ്യാർത്ഥിനി എഴുതിയ വാചകമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
പലരും ഉത്തരകടലാസില്‍ കവിതകളും കഥകളും എഴുതിയപ്പോള്‍ വളരേ വ്യത്യസ്തവും വികാരഭരിതവുമായ അപേക്ഷയായിരുന്നു ഒരു വിദ്യാര്‍ത്ഥിനി തന്റെ ഉത്തരക്കടലാസില്‍ കുറിച്ചത്. തന്നെ പരീക്ഷയില്‍ ജയിപ്പിക്കണം, തോറ്റാല്‍ പിതാവ് തന്നെ വിവാഹം കഴിപ്പിച്ചയക്കും എന്നായിരുന്നു പെണ്‍കുട്ടി എഴുതി ചേര്‍ത്തത്.
''എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. വിദ്യാഭ്യാസത്തിനായി പണംമുടക്കുന്നത് ഞങ്ങളൂടെ കുടുംബത്തിന് വളരേ ബുദ്ധിമുട്ടാണ്, അതുകൊണ്ട് പഠിപ്പിക്കാന്‍ അച്ഛന് വലിയ താല്‍പര്യമില്ല. നല്ല മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍ എന്നെ കല്യാണം കഴിപ്പിച്ചയക്കുമെന്നാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ പെണ്‍കുട്ടിയാണ്, എന്റെ മാനം കാക്കണം'- പെണ്‍കുട്ടി കുറിച്ചു
ഫെബ്രുവരി 15 മുതല്‍ 23 വരേയായിരുന്നു ബിഹാറിലെ പത്താംക്ലാസ് പരീക്ഷകള്‍ നടന്നത്. തിയററ്റിക്കല്‍ പരീക്ഷകളില്‍ 30 ശതമാനം മാര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷകളില്‍ 40 ശതമാനം മാര്‍ക്കും വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഉപരിപഠനത്തിന് യോഗ്യത ലഭിക്കുകയുള്ളു.