പൊഖ്‌റാനിൽ 'ഭാരത് ശക്തി സ്‌ഫോടനം'
കര-വ്യോമ-നാവിക സേനകളുടെ
സംയുക്ത ശേഷി വിസ്മയമായി
ന്യൂഡൽഹി: ന്യൂക്ലിയർ ബോംബുകൾ പരീക്ഷിച്ച രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇന്നലെ മൂന്ന് സേനകൾ ഇന്ത്യതദ്ദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങളുടെ കരുത്ത് അറിയിച്ചു.
'ഭാരത് ശക്തി' എന്നു പേരിട്ട സൈനികാഭ്യാസങ്ങൾ പ്രധാനമന്ത്രി നരേന്ദമോദിയുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്.
ആകാശത്ത് തേജസ് യുദ്ധവിമാനങ്ങളും എം. കെ ഫോർ ഹെലികോപ്റ്ററുകളും ഇരമ്പിപ്പാഞ്ഞു. ഫയറിംഗ് റേഞ്ചുകളിൽ യുദ്ധ ടാങ്കായ അർജുൻ, കെ -9 വജ്ര, ധനുഷ്, സാരംഗ് പീരങ്കികളും ടി-90 ടാങ്കുകളും ഉൾപ്പെടെ അണിനിരന്നു. ആകാശ് മിസൈൽ പ്രതിരോധം, ലോജിസ്റ്റിക് ഡ്രോണുകൾ, റോബോട്ടിക് മ്യൂൾസ്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയവ യുദ്ധശേഷി പ്രദർശിപ്പിച്ചു. നാവികസേനയുടെ കപ്പൽ വേധ മിസൈലുകളും ചരക്കു വിമാനങ്ങളും കരുത്തും സാങ്കേതിക വൈദഗ്ദ്ധ്യവും ഉയർത്തിക്കാട്ടി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ലെഫ്. ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് രാം ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവരും സന്നിഹിതരായിരുന്നു.
പുതിയ ഇന്ത്യ: പ്രധാനമന്ത്രി
ഇന്ത്യയുടെ ആണവ പരീക്ഷണം നടന്ന പൊഖ്‌റാൻ സൈനിക സ്വദേശിവത്ക്കരണത്തിന്റെ ശക്തിക്കും സാക്ഷിയായെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭക്ഷ്യഎണ്ണ മുതൽ യുദ്ധവിമാനം വരെ ആത്മനിർഭരതയ്‌ക്കാണ് ഊന്നൽ. എം.ഐ.ആർ.വി വിദ്യയുള്ള അഗ്നി മിസൈൽ പരീക്ഷിച്ചു. ടാങ്കുകൾ, പീരങ്കികൾ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ എന്നിവയും ആയുധങ്ങളും വെടിക്കോപ്പുകളും ആശയവിനിമയ ഉപകരണങ്ങളും സൈബർ മേഖലയും ബഹിരാകാശവും 'മെയ്ഡ് ഇൻ ഇന്ത്യയുടെ തിളക്കത്തിലാണ്. 10 വർഷത്തിനുള്ളിൽ ഇന്ത്യ സ്വന്തമായി യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലുകൾ, സി 295 ട്രാൻസ്പോർട്ട് വിമാനങ്ങൾ, അഡ്വാൻസ്ഡ് ഫ്ലൈറ്റ് എൻജിനുകൾ എന്നിവ നിർമ്മിച്ചു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഒരുങ്ങുന്നു. ഇന്ത്യൻ കമ്പനികളിൽ നിന്ന് 6 ലക്ഷം കോടിയുടെ ഉപകരണങ്ങൾ വാങ്ങി. പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടിയായി. പ്രതിരോധ സ്റ്റാർട്ടപ്പുകൾക്ക് 1800 കോടിയുടെ ഓർഡറുകൾ നൽകിയെന്നും മോദി ചൂണ്ടിക്കാട്ടി