ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിൽ തീപിടിത്തം

Wednesday 13 March 2024 2:13 AM IST

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

പൊങ്കാലയ്ക്ക് ശേഷമുള്ള കൊതുമ്പും ചൂട്ടും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇവിടെ കൂട്ടിയിട്ടിരുന്നു. ഇന്നലെ കൊഞ്ചിറവിള ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യവും നഗരസഭ ഇവിടെ നിക്ഷേപിച്ചതായി നാട്ടുകാർ ആരോപിച്ചു. ഉച്ച മുതൽ ഇവിടെ പുക ഉയർന്നിരുന്നു. വൈകിട്ട് തീ ആളിപ്പടർന്നതോടെ ക്ഷേത്രദർശനത്തിനെത്തിയ ഭക്തരും പ്രദേശവാസികളും ഫയർ‌ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

ജില്ലാ ഫയർ ഓഫീസർ സുരാജ്,തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ നിതിൻ രാജ്‌ എന്നിവരുടെ നേതൃത്വത്തിൽ ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടുയൂണിറ്റും ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റുമെത്തി തീഅണച്ചു. രാത്രി 9ഓടെയാണ് തീ പൂർണമായും അണയ്ക്കാനായത്. ജെ.സി.ബി ഉപയോഗിച്ച് അടിയിൽ കത്തിക്കിടന്ന മാലിന്യം പുറത്തെടുത്തു. കൊതുമ്പിൽ നിന്ന് തീ പടർന്നതാകാം കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥ‍ർ പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ സ്ഥലം സന്ദർശിച്ചു.