മലപ്പുറത്ത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Wednesday 13 March 2024 8:17 AM IST

മലപ്പുറം: പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ മരണകാരണം വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാട്ടുകാർ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പന്തല്ലൂർ കടമ്പോട് ആലുങ്ങൽ വീട്ടിൽ മൊയ്തീൻകുട്ടി (36) ആണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പൊലീസുകാരായ ആന്റസ് വിൻസൻ,​ ടി.പി.ഷംസീർ എന്നിവരെ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ‌് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി.ബാബുവാണ് പരാതി അന്വേഷിക്കുന്നത്. പെരിന്തൽമണ്ണ സബ് കളക്ടർ മജിസ്റ്റീരിയൽ അന്വേഷണവും നടത്തും. മൊയ്‌തീനിന്റെ ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നും മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തിങ്കളാഴ്ച പ്രദേശത്തെ ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുണ്ടായ അടിപിടിയെ തുടർന്ന് മൊയ്തീൻകുട്ടി അടക്കം ഒൻപതുപേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വൈകിട്ട് നാലോടെ ഹാജരായ മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തു. അഞ്ച് മണിയോടെ സ്റ്റേഷൻ പരിസരത്തെ ഔട്ട് ഹൗസിലാണ് കുഴഞ്ഞുവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരിച്ചു.

ഔട്ട് ഹൗസിൽവച്ച് 15 മിനിറ്റോളം മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യം ചെയ്തെന്നും ഇവിടെ സി.സി ടിവിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഹൃദ്രോഗിയാണെന്നും ഉപദ്രവിക്കരുതെന്നും മൊയ്തീൻകുട്ടി അപേക്ഷിച്ചിട്ടും പൊലീസുകാർ മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു. ജീവന് ആപത്തുണ്ടാവുന്ന വിധത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് മൊയ്തീൻകുട്ടിയെ ചികിത്സിച്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോ.മാത്യൂസ് പോൾ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ബി.പി തീരെ കുറവായിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി മോശമായതിനാൽ ആൻജിയോഗ്രാം ചെയ്തില്ലെന്നും വ്യക്തമാക്കി.

സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്,​ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Advertisement
Advertisement