തിരനിറച്ച തോക്കിനേക്കാൾ അപകടകാരിയെന്ന് ലോകം വിളിക്കുന്നു; കേന്ദ്രം നിരോധിച്ച ഈ നായ്ക്കൂട്ടങ്ങൾക്ക് പിന്നിൽ ഒരു കഥയുണ്ട്

Thursday 14 March 2024 12:50 PM IST

മനുഷ്യന് ഭീഷണിയായ നിരവധി നായ്ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ കേന്ദ്ര സർക്കാർ അടുത്തിടെ നിരോധിച്ചിരുന്നു. റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ തുടങ്ങിയ ആക്രമണകാരികളായ നായ്ക്കളുടെ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ സങ്കരയിനങ്ങൾക്കും നിരോധനം ബാധകമാണ്. ഡൽഹി ഹെെക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി, മൃഗസംരക്ഷണ സമിതി എന്നിവയുടെ ശുപാർശ പ്രകാരമാണ് നടപടി.

നിരോധിക്കപ്പെട്ടവയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ വില്പന ലൈസൻസ് ഉൾപ്പെടെ നൽകുന്നത് തടയണമെന്ന് കാട്ടി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. നിലവിൽ വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം നടത്തണമെന്നും നിർദ്ദേശമുണ്ട്. മനുഷ്യജീവന് സംരക്ഷണം നൽകുക, അപകടകാരികളായ ഇത്തരം നായ്ക്കളുടെ ആക്രമണം തടയുക എന്നിവയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു.

നിരോധിക്കപ്പെട്ട ഇനങ്ങൾ

പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലീറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കങ്കൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോർനാക് സർപ്ളാനിനാക്, ജാപ്പനീസ് ടോസ അകിത, മാസ്റ്റിഫുകൾ, റോട്ട്വീലർ, ടെറിയറുകൾ, റോഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് നായ്ക്കൾ, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ്, ചൂരൽ കോർസോ, ബാൻഡോഗ്.

ഇവ അപകടകാരികളോ?

ഇന്ത്യയിൽ 23 ഇനം നായ്ക്കളെയാണ് നിരോധിച്ചിരിക്കുന്നത്. ഇവയുടെ പേരിൽ നിരവധി ആക്രമണ സംഭവങ്ങൾ കുറച്ച് വർഷങ്ങളായി ഇന്ത്യയിലുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ മഹേന്ദ്ര പാർക്കിൽ കളിക്കുകയായിരുന്ന ഏഴുവയസുകാരെ പിറ്റ്ബുൾ ആക്രമിച്ചതുൾപ്പടെ ഈ മാസം നാല് സമാന സ്വഭാവമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പിറ്റ് ബുൾ ഇരകളെ വളരെ ക്രൂരമായി ആക്രമിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇവയിൽ ഈ ആക്രമണ സ്വഭാവം ഉള്ളതാണോ അതോ ഉടമയുടെ പരിശീലനത്തിൽ നിന്ന് ലഭിച്ചതാണോയെന്ന് ഇന്നും പലയിടത്തും ചർച്ചകൾ നടക്കുന്നുണ്ട്. റോട്ട്‌വീലർ ഇനത്തിൽപെട്ട നായ തന്റെ ഉടമയെവരെ ആക്രമിക്കുന്ന സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഇനത്തിലുള്ള നായ്ക്കളുടെയും മുൻഗാമികൾ കൂടുതലും മൃഗങ്ങളെ വേട്ടയാടുന്നതിനാണ് ഉപയോഗിച്ചിരുന്നത്.

റോട്ട്‌വീലർ നായ വളരെ നന്ദിയുള്ളവരാണെന്നും വിശ്വസ്തരാണെന്നും പറയാറുണ്ട്. എന്നാൽ ഇത് തെറ്റാണെന്ന് തെളിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തക്കാലത്ത് നടന്നു. ലോകത്തിലെ ഏറ്റവും മികച്ച ഇനമാണ് റോട്ട്‌വീലർ എന്നാണ് അമേരിക്കൻ റോട്ട്‌വീലർ ക്ലബ് അവകാശപ്പെടുന്നത്. അവയുടെ ഉടമ വളരെ നല്ല രീതിയിൽ അവയെ നയിക്കണമെന്നും ഇല്ലെങ്കിൽ നായ പ്രശ്നക്കാരനാകുമെന്നും ക്ലബ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ജനുവരിയിൽ മദ്ധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയെ വീട്ടിൽ വളർത്തുന്ന റോട്ട്‌വീലർ ആക്രമിച്ചിരുന്നു. 60ലധികം മുറിവാണ് ഉണ്ടായത്. ഇയാൾ പകൽ സമയത്ത് നായയ്ക്ക് ഭക്ഷണം നൽകാൻ മറന്നുപോയിരുന്നു. അർദ്ധരാത്രിയോടെ ഭക്ഷണം നൽകാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. വിശന്ന റോട്ട്‌വീലർ തന്റെ ഉടമയെ തന്നെ ആക്രമിക്കുകയായിരുന്നു.

വിദേശ രാജ്യങ്ങളിൽ വേട്ടയാടാൻ വളർത്തുന്ന ഒരു നായ ഇനമാണ് ഡോഗോ അർജന്റീനോ. ഇവയ്ക്ക് റോട്ട്‌വീലറുകളോട് സാമ്യമുണ്ട്. കാട്ടുപന്നി, പ്യൂമ എന്നിവയെ തുരത്താൻ ഈ നായയെ വളർത്താറുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു ഇനമാണ് വുൾഫ് ഡോഗ്‌സ്. നായയുടെയും ചെന്നായയുടെയും വർഗ സ്വഭാവം ഇവയ്ക്കുണ്ട്. അവയ്ക്ക് ദിവസവും ഒരു കിലോഗ്രാം വേവിക്കാത്ത ഇറച്ചി നൽകണം.

തെക്കൻ ഇറ്റലിയിലെ മേഖലകളിൽ എസ്റ്റേറ്റ്, വീട് എന്നി സംരക്ഷിക്കാൻ വളർത്തുന്ന നായയാണ് മാസ്റ്റിഫ്. ഈ ഇനം അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്ത് ഇന്ത്യൻ നായ്ക്കളും മാസിഡോണിയൻ യുദ്ധ നായ്ക്കളും ചേർന്ന് ഉണ്ടായവയാണെന്ന് പറയപ്പെടുന്നു. ബുൾ മാസ്റ്റിഫ്, ഇംഗ്ലീഷ് മാസ്റ്റിഫ്, ഗ്രേറ്റ് ഡെയ്ൻ, ടിബറ്റൻ മാസ്റ്റിഫ് തുടങ്ങി നിരവധി ഇനം മാസ്റ്റിഫ് നായ്ക്കൾ ഉണ്ട്. നല്ല വലിപ്പം വയ്ക്കുന്ന നായയാണ് ഇത്. തങ്ങളുടെ ഉടമയോ തങ്ങളോ അപകടത്തിലാണെന്ന് തോന്നിയാൽ വലിയ രീതിയിൽ ആക്രമസക്തരാകും ഇവ.

സ്വത്ത് സംരക്ഷണം, വേട്ടയാടൽ, യുദ്ധം എന്നിവയ്ക്ക് മുൻപ് ഉപയോഗിച്ചിരുന്ന നായ ഇനമാണ് ബാൻഡോഗ്. എഡി 1250നും 1300നും ഇടയിൽ മദ്ധ്യ ഇംഗ്ലണ്ടിൽ നിന്നാണ് ഇവ ഉത്ഭവിച്ചതെന്ന് കരുതുന്നു. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഇനങ്ങളിൽ കൂടുതൽ നായക്കളും വളരെ ആക്രമണ സ്വഭാവമുള്ളവയാണ്. വിദേശരാജ്യങ്ങളിൽ ഇവയെ കൂടുതലും വേട്ടയ്ക്കും സ്വത്ത് സംരക്ഷണത്തിനുമാണ് ഉപയോഗിക്കുന്നത്.

നിരോധിച്ച മറ്റ് രാജ്യങ്ങൾ

പിറ്റ്‌ബുൾ ഇനം വീട്ടിൽ വളർത്തുമൃഗമായി വളർത്താൻ കഴിയാത്തത്ര ആക്രമണകാരികളാണെന്ന് വിദഗ്ദ്ധർ പറയുന്നു. യുകെ, ഡെൻമാർക്ക്, കൊളംബിയ, നോർവേ, ജർമ്മനി, ഹോങ്കോംഗ്, ഇസ്രായേൽ, ഇറ്റലി, മാൾട്ട, സ്പെയിൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിൽ അവ നിരോധിക്കുയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

ചില മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഇക്വഡോർ, ബെർമുഡ, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി, പോർച്ചുഗൽ, റൊമാനിയ, റഷ്യ, സ്പെയിൻ, ഖത്തർ, യുക്രെയ്ൻ, മലേഷ്യ തുടങ്ങി 18 രാജ്യങ്ങളിൽ റോട്ട്‌വീലർ നിരോധിക്കുകയും നിയമന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്ൻ, ഓസ്ട്രേലിയ, ഡെൻമാർക്ക്, ഹോങ്കോംഗ്, ഇസ്രായേൽ, ന്യൂസിലാൻഡ് എന്നിവടങ്ങളിൽ ഡോഗോ അർജന്റീനോ ഇനത്തെ നിരോധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ബർമുഡ, ന്യൂസിലാൻഡ്, സ്വീഡൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ വുൾഫ് ഡോഗ്‌സിനെ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Advertisement
Advertisement