തളിപ്പറമ്പിൽ 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്" മോ‌ഡൽ: അഭിഭാഷകൻ ചമഞ്ഞെത്തിയ യുവാവ് അറസ്റ്റിൽ

Friday 15 March 2024 1:19 AM IST

തളിപ്പറമ്പ്: വാഹനാപകടങ്ങളിൽപ്പെടുന്നവരെ വലിയ ക്ളൈം തുക വാഗ്ദാനം ചെയ്ത് വലയിലാക്കുന്ന സംഘത്തിലെ യുവാവിനെ തളിപ്പറമ്പിൽ പിടികൂടി. അടുത്തിടെ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ നായകനായ 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്" എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നതാണ് സംഭവം. ചാലാട് കാഞ്ഞിരത്താംവയൽ സ്വദേശി സി.വി.ലതീഷ് (42) ആണ് അഭിഭാഷകൻ ചമഞ്ഞതിന് പിടിയിലായത്. തളിപ്പറമ്പിലെ അഭിഭാഷകൻ പി.സുനിൽകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോടുള്ള അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സംഘത്തിലുള്ളയാളാണിതെന്ന് പറയുന്നു. കൂടെയുണ്ടായിരുന്ന ഷബീർ ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനാപകടങ്ങളിൽപ്പെടുന്നവരെ തേടിയെത്തി വലിയ തുക ഇൻഷ്വറൻസ് ഏജൻസികളിൽ നിന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇവരുടെ വക്കാലത്തുകൾ ഏറ്റെടുക്കുകയും ഇതിന്റെ കമ്മീഷൻ വലിയതോതിൽ കൈപ്പറ്റുകയും ചെയ്യുന്ന സംഘത്തെയാണ് സിനിമയിൽ കാണിച്ചുതരുന്നത്. ഇവരുടെ ഏജന്റുമാർ പ്രവർത്തിക്കുന്നതായുമുണ്ട്.

അഭിഭാഷകന്റെ കീഴിൽ ഓരോ ജില്ലയിലും ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നതായി തളിപ്പറമ്പ് ബാർ അസോസിയേഷൻ ഭാരവാഹികൾ മനസിലാക്കിയിരുന്നു. അതിനിടയിലാണ് അഭിഭാഷകനാണെന്ന് അവകാശപ്പെട്ട ലതീഷ് കോടതിക്ക് സമീപത്തെ അഡ്വ. സുനിൽകുമാറിന്റെ ഓഫീസിലെത്തി ഒരു വാഹനാപകടക്കേസിലെ വക്കാലത്ത് ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് ബഹളം വച്ചത്. ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി ചോദിച്ചപ്പോഴാണ് ലതീഷ് അഭിഭാഷകനല്ലെന്ന് വ്യക്തമായത്. ആൾമാറാട്ടത്തിന് ശ്രമിച്ച് തട്ടിപ്പിന് തുനിഞ്ഞുവെന്ന് കാണിച്ച് സുനിൽകുമാർ നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement