ശ്രീകോവിൽ പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കവേ പിടിയിൽ

Friday 15 March 2024 12:19 AM IST

ഹരിപ്പാട് : വീയപുരം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കവേ മോഷ്ടാവ് പിടിയിലായി. അമ്പലപ്പുഴ പുറക്കാട് കരൂർ നടുവിലെ മഠത്തിൽപറമ്പിൽ രാജേഷി (കൊച്ചി രാജേഷ്-46) നെയാണ് നാട്ടുകാരുടെ സഹായത്തോടെ വീയപുരം പൊലീസ് പിടികൂടിയത്. ഇയാൾ സ്ഥിരം ക്ഷേത്ര മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ശബ്ദം കേട്ട് സമീപവാസി നാട്ടുകാരെ വിളിച്ചു കൂട്ടിയപ്പോഴേക്കും രാജേഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് ആറ്റിൽ ചാടുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ആറ്റിൽ നിന്നും പ്രതിയെ പടികൂടുകയായിരുന്നു. ചേർത്തല, അരൂർ, മട്ടാഞ്ചേരി, കാലടി, തിരുവല്ല തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. വീയപുരം സി.ഐ ധർമ്മജിത്ത്, എസ്.ഐ ജയകുമാർ, എ.എസ്.ഐ ഹരികുമാർ, സി.പി.ഒ സുന്ദർലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement