മരുന്നാര് തരും താളം തെറ്റി മെഡി. കോളേജ്

Friday 15 March 2024 12:20 AM IST

മൈലുകൾ താണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ജീവന് വിലകൽപ്പിക്കാതെ അധികൃതർ. ജീവൻ രക്ഷാ മരുന്നുകൾ അടക്കം മിക്ക മരുന്നുകളും ആശുപത്രിയിൽ ഔട്ട് ഒഫ് സ്റ്റോക്കാണ്. മരുന്നു വിതരണക്കാരുമായി ആശുപത്രി അത്ര സുഖത്തിലല്ലാത്തതാണ് കാരണം. വാങ്ങിയ മരുന്നുകളുടെ കുടിശിക തീർക്കാൻ കഴിയാതെ വന്നതോടെ മരുന്ന് വിതരണം ചെയ്യില്ലെന്ന കരാറുകാരുടെ കടുംപിടിത്തത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ താളം തെറ്റുമ്പോൾ അപകടത്തിലാകുന്നത് രോഗികളുടെ ജീവനും കൂടിയാണ്.

മരുന്ന് ക്ഷാമം തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയുമെടുത്തിട്ടില്ല. മരുന്ന് ക്ഷാമം ആശുപത്രികൾ ആരോഗ്യവകുപ്പിനെ അറിയിക്കുന്നുണ്ടെങ്കിലും മറുപടിയൊന്നുമില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ എത്തിക്കുന്ന രോഗികളെ എങ്ങനെ ശുശ്രൂഷിക്കുമെന്നാണ് ജീവന്‍ മരണപ്പോരാട്ടം നടത്തുന്ന രോഗികളെ നോക്കി ഡോക്ടർമാരും നഴ്‌സുമാരും പറയുന്നത്. 75 കോടിയാണ് മരുന്നു വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. ഇത് എപ്പോൾ നൽകാനാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് അറിയില്ല. കിട്ടാനുള്ള കുടിശിക എപ്പോൾ തരാൻ കഴിയുമെന്ന് അധികൃതർ പറയാതായതോടെ, വിതരണക്കാർ മരുന്നുവിതരണം പൂർണ്ണമായി നിറുത്തുകയും ചെയ്തു.

ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവയുടെ വിതരണമാണ് ഇപ്പോൾ നിറുത്തിയിരിക്കുന്നത്. ആദ്യ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഫാർമസിയിലെ മരുന്നുകൾ ഉപയോഗിച്ചെങ്കിലും ഇന്നലെയോടെ മരുന്നുകൾ പൂർണമായും തീർന്ന സ്ഥിതിയാണ്. അത്യാവശ്യ മരുന്നുകൾ മാത്രമാണ് നിലവിലുള്ളത്. സ്റ്റോക്കുള്ള പല ശസ്ത്രക്രിയാ ഉപകരണങ്ങളിൽ പലതും തീർന്ന മട്ടാണ്.

കാൻസർ മരുന്നുകളും മറ്റും ഇന്ത്യയിൽ തന്നെ ഏറ്റവും വിലകുറച്ച് കിട്ടുന്ന ആശുപത്രികളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. എന്നാൽ, ഈ മരുന്നുകൾ ഇപ്പോൾ സ്‌റ്റോക്കില്ലാതായി കഴിഞ്ഞു. 8000 രൂപയ്ക്കാണ് കോളേജിൽ നിന്നും ഈ മരുന്ന് കിട്ടുന്നത്. ഇതോടെ കാൻസർ മരുന്നുകൾ വലിയ വില കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിക്കഴി‌ഞ്ഞു. മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ഈ തുക താങ്ങാനാവില്ല. പലരുടെയുംചികിത്സമുടങ്ങുമെന്ന സാഹചര്യം നിലനിൽക്കുമ്പോഴും വിതരണക്കാരുമായി ചർച്ച നടത്താനോ പ്രശ്നത്തിന് പരിഹാരം കാണാനോ അധികൃതർ ശ്രമിക്കുന്നില്ല.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രണ്ട് ദിവസമായി മരുന്ന് വിതരണം നടത്തുന്നത് കൊണ്ട് മാത്രമാണ് വലിയ പ്രശ്നമില്ലാതെ പോകാനാകുന്നത്. വരും ദിവസങ്ങളിൽ ഇതും നിലക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്ക് വേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചതോടെ അടിയന്തര സ്വഭാവമില്ലാത്ത മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയിരുന്നു. ഫിൽട്ടർ, ഇഞ്ചക്ഷൻ ട്യൂബുകൾ എന്നിവയുടെ വിതരണം നിറുത്തിയത് ഡയാലിസിസ് രോഗികളേയും ബാധിച്ചു.

സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിറുത്തിവച്ചതോടെ ആശുപത്രി തിയേറ്ററിൽ ഗ്ലൗസ് അടക്കമുള്ളവയുടെ ക്ഷാമം രൂക്ഷമായി. അത്യാവശ്യ സാധനങ്ങൾ പുറത്തുനിന്ന് വാങ്ങുകയാണ്. ശസ്ത്രക്രിയാ ഉപകരണങ്ങൾ ആശുപത്രി വികസന സമിതിയുടെ സ്റ്റോറിൽ ഇല്ലാത്തതിനാൽ വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികൾ. ആൻജിയോപ്ലാസ്റ്റി ഉൾപ്പെയുള്ളവ മാറ്റിവച്ചതായി രോഗികളെ അറിയിച്ചിരിക്കുകായണ്. ഏപ്രിലിലും മറ്റുമാണ് ഇവർക്ക് തീയതി നൽകിയത്. ഇതോടെ ആശങ്കയിലാണ് രോഗികൾ.

സാധാരണ ആഴ്ചയിൽ 20 ആർത്രോസ്‌കോപ്പി ശസ്ത്രക്രിയകൾ മെഡിക്കൽ കോളേജിൽ നടത്തിയിരുന്നു. ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നാലെണ്ണവും അഞ്ച് ബൈപ്പാസ് ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഏഴെണ്ണമാണ് ആഴ്ചയിൽ നടത്തുന്നത്. ഇതോടൊപ്പം നാല് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തിയിരുന്നു. ഇതു കൂടാതെ മറ്റ് നിരവധി ചെറുതും വലുതുമായ ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. കാൻസർ രോഗികൾക്കുള്ള കീമോ ആടക്കമുള്ള ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ശസ്ത്രക്രീയാ ഉപകരണങ്ങളുടെ വിതരണം പൂർണ്ണമായും നിലച്ചാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയിലേക്ക്എത്തുമോയെന്നാണ് രോഗികളും ഡോക്ടർമാരും ആശങ്കപ്പെടുന്നത്.

കോടികൾ

കുടിശ്ശിക

സർജിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ഇനത്തിൽ 180 കോടിയലേറെ സർക്കാരിൽ നിന്ന് മെഡിക്കൽ കോളേജിന് കിട്ടാനുണ്ട്.

31 ഓടെ സ്റ്റെന്റ്

വിതരണവും നിലക്കും

ഹൃദ്രോഗചികിത്സയുടെ ഭാഗമായ പേസ്‌മേക്കർ, സ്റ്റെന്റ്, ബലൂൺ, വാൽവ് തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും വിതരണം മാർച്ച് 31ന് പൂർണമായി നിറുത്തുമെന്ന് ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഒഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസിബിൾസ് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം നടത്തുന്നത് എഴുപത്തഞ്ചോളം വിതരണക്കാരാണ്. കുടിശ്ശിക കിട്ടാതായതോടെ ചിലർ നേരത്തെ തന്നെ വിതരണം നിറുത്തിയിരുന്നു. തുടർന്ന് വിതരണക്കാരുടെ സംഘടന യോഗം ചേരുകയും, മരുന്നു വിതരണം പൂർണ്ണമായി നിറുത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഡിസംബർ 31 വരെയുള്ള കുടിശ്ശിക ഞായറാഴ്ചക്കു മുമ്പ് അനുവദിച്ചില്ലെങ്കിൽ മരുന്ന് വിതരണം നിറുത്തിവക്കുമെന്ന് ഓൾ കേരളാ കെമിസ്സ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസയേഷൻ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസം പിന്നിട്ടിട്ടും വിതരണക്കാരുമായി ചർച്ച നടത്തുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മന്ത്രി, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവർക്ക് കത്ത് നൽകിയിട്ടും പരിഹാരമുണ്ടായില്ല. അതോടെ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകൾ പൂർണമായി നിലക്കും.

ഇൻഷ്വറൻസ് പദ്ധതികളിലൂടെ രോഗികൾക്ക് സൗജന്യമായി നൽകുന്ന മരുന്നിന്റെ തുക സർക്കാരിൽ നിന്ന് ലഭിക്കാതെ വരുമ്പോഴാണ് കുടിശ്ശി വർദ്ധിക്കുന്നത്. സർക്കാർ നൽകാനുള്ള തുക എത്രയും പെട്ടന്ന് നൽകിയില്ലെങ്കിൽ മെഡിക്കൽ കോളേജ് പ്രതിസന്ധി അതി രൂക്ഷമാകും. മരുന്നില്ലാതെ രോഗികളുടെ ജീവൻ പോലും അപകടത്തിൽപ്പെട്ടേക്കാം. അതുകൊണ്ട് എത്രയും പെട്ടന്ന് സർക്കാർ പ്രശ്നത്തിൽ ഇടപെടേണ്ടതുണ്ട്.

Advertisement
Advertisement