തമിഴ് സിനിമ മോഡലില്‍ പ്രതികാരം ചെയ്യാനിറങ്ങി യുവാവ്, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Friday 15 March 2024 7:33 PM IST

ഇന്‍ഡോര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയോട് സിനിമ മോഡല്‍ പ്രതികാരത്തിനിറങ്ങിയ യുവാവും സുഹൃത്തും അറസ്റ്റില്‍. ഇന്‍ഫെക്ഷന്‍ ബാധിച്ച ഒരു യാചകന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവക്കാന്‍ ആയിരുന്നു യുവാവിന്റെ ശ്രമമെങ്കിലും ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെടുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.

സഞ്ജയ് എന്ന യുവാവും സുഹൃത്തും ആണ് അറസ്റ്റിലായത്. സഞ്ജയ് യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ അത് നിരസിച്ചു. തന്നെ ഇഷ്ടപ്പെടണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് പിന്നെയും പിറകെ നടന്ന് ശല്യം ചെയ്തതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പ്രതികാരം ചെയ്യാന്‍ യുവാവ് തീരുമാനിച്ചത്.

തമിഴ് സിനിമ 'ഐ' കണ്ട ശേഷം അതില്‍ നായകന്‍ വിക്രമിന്റെ കഥാപാത്രത്തിന് സംഭവിച്ച അവസ്ഥ യുവതിക്കും വരണം എന്ന് യുവാവ് തീരുമാനിച്ചു. തുടര്‍ന്ന് സുഹൃത്തായ മറ്റൊരു യുവാവിന്റെ സഹായത്തോടെ വഴിയരികില്‍ ഉറങ്ങുകയായിരുന്ന അസുഖം ബാധിച്ച് ഇന്‍ഫെക്ഷനായ ഒരു യാചകന്റെ ശരീരത്തില്‍ നിന്ന് രക്തം ശേഖരിച്ചു.

പിന്നീട് യുവതിയുടെ ശരീരത്തില്‍ ഇത് കുത്തിവക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനുള്ള ശ്രമത്തില്‍ നിന്ന് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുകയായിരുന്നു. സഞ്ജയ്, സുഹൃത്ത് കിഷോര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഞ്ജയ് സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ 11 കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. ഇയാളുടെ പക്കല്‍ നിന്നും രക്തം ശേഖരിച്ച സിറിഞ്ച് പൊലീസ് പിടികൂടി. ഈ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.