'ലഞ്ച് ബെൽ' പദ്ധതി : ഇതുവരെ ഒരുക്കിയത് 2000ലേറെ ഊണുകൾ

Sunday 17 March 2024 3:04 AM IST

തിരുവനന്തപുരം: കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' പദ്ധതി തുടങ്ങി പത്തുദിവസം പിന്നിടുമ്പോൾ ആവശ്യക്കാരേറുന്നു. 2000ലേറെ പേരാണ് ഇതിനോടകം ഊണ് ഓൺലൈനായി വാങ്ങിയത്.

മന്ത്രി എം.ബി.രാജേഷ് ഇക്കഴിഞ്ഞ 5നാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ ചോറ്റുപാത്രങ്ങളിൽ ഊണുകളെത്തിക്കുന്ന പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തത്.ശരാശരി 150 ഊണുകളാണ് പ്രതിദിനം വിൽക്കുന്നത്.200-250 ഊണുകൾ ഒരുക്കിയ ദിവസങ്ങളുമുണ്ട്.സംരംഭകയായ ഗിരിജയുടെ നേതൃത്വത്തിൽ ശ്രീകാര്യത്ത് ഒരുക്കുന്ന ഊണ് കുടുംബശ്രീ പ്രവർത്തകർ സ്കൂട്ടറിൽ വിതരണം ചെയ്യും.നിലവിൽ മെഡിക്കൽ കോളേജ്,എൽ.എം.എസ്,സ്റ്റാച്യു,പട്ടം എന്നിവിടങ്ങളിലാണ് വില്പന.ആവശ്യക്കാർ കൂടുന്നതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിക്കുന്ന അജയൻ പറയുന്നു.

സെക്രട്ടേറിയറ്റ്,വികാസ് ഭവൻ,ബാങ്കുകൾ എന്നിവിടങ്ങളിലുള്ളവർ സ്ഥിരം വാങ്ങുന്നവരാണ്.പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കൂടുതൽ സ്ത്രീകൾക്ക് ജോലി നൽകും.ഓൺലൈൻ പേമെന്റ് സംവിധാനവും ഉടൻ കൊണ്ടുവരും.പോക്കറ്റ്മാർട്ട് ആപ്പിന് ഇതിനോടകം 4300ലേറെ ഡൗൺലോഡ് ഉണ്ട്.

ഹെൽത്തി ഡയറ്റും

പുളിശേരിയും സാമ്പാറും അച്ചാറും കൂട്ടുകറിയുമടങ്ങുന്ന ഊണ് 60 രൂപയ്ക്കും ഓംലെറ്റും മീൻകറിയുമടങ്ങിയ നോൺവെജ് ലഞ്ച് 99 രൂപയ്ക്കുമാണ് വിൽക്കുന്നത്.ഉടൻ ഫ്രൂട്ട് മിക്സും വെജിറ്റബിൾ സാലഡും ഉൾപ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങളും വില്പന ചെയ്യും.കഴിച്ചശേഷം ഉച്ചയ്ക്ക് 2.30ഓടെ കഴിച്ചയാൾ തന്നെ പാത്രം കഴുകിക്കൊടുക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്.ഇക്കാര്യത്തിൽ ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ടെന്ന് കുടുംബശ്രീ അംഗങ്ങൾ പറയുന്നു.


ഉപയോഗിക്കേണ്ടത്

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേസ്റ്റോറിലൂടെ 'പോക്കറ്റ്മാർട്ട് കുടുംബശ്രീ സ്റ്റോർ' എന്ന ആപ്പിലൂടെ ഓർഡർ നൽകാം.ആപ്പില്ലാതെ വെബ് ബ്രൗസറിൽ 'പോക്കറ്റ്മാർട്ട് കുടുംബശ്രീ സ്റ്റോർ' അല്ലെങ്കിൽ pocketmart.org എന്ന് ടൈപ്പ് ചെയ്താൽ പോക്കറ്റ്‌മാർട്ടിന്റെ പേജ് തുറക്കും.ഐഫോൺ ഉപഭോക്താക്കൾ സഫാരി ബ്രൗസറിൽ pocketmart.org എന്ന് ടൈപ്പ് ചെയ്യണം.ഡെലിവറി ലൊക്കേഷനും ഫോൺ നമ്പറും നൽകി ഓർഡർ ചെയ്യാം.പോക്കറ്റ്‌മാർട്ടിന്റെ പേജ് ഹോംസ്ക്രീനിലേക്ക് ആഡ് ചെയ്താൽ സൗകര്യപ്രദമായിരിക്കും.

Advertisement
Advertisement