കണ്ണൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി പര്യടനം
കെ.സുധാകരൻ
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലെ.
രാവിലെ മാങ്ങാട്ട് പറമ്പിലെ കെൽട്രോൺ ആസ്ഥാനത്ത് എത്തി ജീവനക്കാരുമായി കൂടിക്കാഴ്ച .ബ്രണ്ണൻ കോളേജിലെ സഹപാഠികളായ സുഹൃത്തുക്കളും കെ.സുധാകരനായി വോട്ടഭ്യർത്ഥിക്കാൻ ഒപ്പം കൂടിയിരുന്നു. തുടർന്ന് ധർമ്മശാലയിലെ എം.വി.ആർ ആയുർവേദ കോളേജിലെത്തി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി പാരമ്പര്യ ട്രസ്റ്റിമാരുൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം വാങ്ങി. വ്യാപാരികളെയും പ്രദേശവാസികളെയും ഭക്തരരുൾപ്പെടെയുള്ള വിശ്വാസികളെയും നേരിൽ കണ്ടുള്ള വോട്ടഭ്യർത്ഥന.കൊളച്ചേരി കരിങ്കൽ കുഴിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.പത്മനാഭൻനായരെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.ഇതിന് പിന്നാലെ കൊളച്ചേരി പഞ്ചായത്ത് ഓഫീസ്, അറബിക് കോളേജ് എന്നിവിടങ്ങളിലും പര്യടനം. ഉച്ചയൂണിന് ശേഷം ചേലേരി മുക്ക്,ചെക്കിക്കുളം,പാവന്നൂർ മൊട്ട, മയ്യിൽ,ഏഴാം മൈൽ, തളിപ്പറമ്പ്, നാടുകാണി അൽ മഖർ എന്നിവിടങ്ങളിലും ഇരിക്കൂർ,പേരാവൂർ നിയോജക മണ്ഡല യുഡിഎഫ് കൺവെൻഷനുകളിലും പങ്കെടുത്തു.
എം.വി. ജയരാജൻ
മട്ടന്നൂർ കാരയിൽ രാവിലെ പച്ചക്കറി വിളവെടുപ്പിൽ പങ്കെടുത്തായിരുന്നു പര്യടന തുടക്കം. വിഷുവിന് വിഷ രഹിത പച്ചക്കറിയെന്ന സന്ദേശവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടത്തിയ കൃഷി ചൂണ്ടിക്കാട്ടി സർക്കാറും ഇടതുപക്ഷവും എന്നും ജനങ്ങൾക്കൊപ്പമാണെന്ന് എം.വി. ജയരാജൻ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച സ്ഥാനാർത്ഥി ജീവനക്കാരെ കണ്ടു. വിമാനത്താവളം യാഥാർഥ്യമാക്കിയതിന്റെ എല്ലാ ക്രഡിറ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറുകൾക്ക് അവകാശപ്പെട്ടതാണെന്നും എം.വി. ജയരാജൻ പറഞ്ഞു.വിമാനത്താവളത്തിന്റെ അനന്തമായ വികസനസാധ്യതകൾ ഉപയോഗപ്പെടുത്തുന്നില്ല. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ പോയന്റ് ഓഫ് കോൾ പദവി നൽകാത്തതാണ് പ്രധാന തടസ്സം. കേന്ദ്ര സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുകയാണ്. വിമാനത്താവള വികസനത്തിന് ഇടപെടേണ്ടിയിരുന്ന കാസർകോട്, കണ്ണൂർ, വടകര ലോക് സഭാംഗങ്ങൾ നിർഭാഗ്യവശാൽ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.